തിരുവനന്തപുരം: പണത്തിന് വേണ്ടി വ്യാപാരിയെ കാറിനകത്ത് വിലങ്ങിട്ട് ബന്ധിച്ച സംഭവത്തിൽ പോലീസുകാരൻ പിടിയിൽ. ഒളിവിലായിരുന്ന നെടുമങ്ങാട് സ്റ്റേഷനിലെ പോലീസുകാരനായ വിനീത് ആണ് പിടിയിലായത്. കാട്ടാക്കടയിലെ ഇലക്ട്രോണിക് സ്ഥാപന ഉടമ അൻസാരിയെയാണ് വിനീതും കൂട്ടാളിയും അപായപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
നെടുമങ്ങാട് സ്റ്റേഷനിലെ പോലീസുകാരൻ വിനീതും ആംബുലൻസ് ഡ്രൈവർ അരുണുമാണ് ഈ കേസിൽ പിടിയിലായത്. സ്വന്തം വ്യാപാര സ്ഥാപനത്തിനായി പണം കണ്ടെത്താൻ വേണ്ടി പലരേയും വിനീതും അൻസാരിയും ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. ഇത്തരത്തിൽ ഭീഷണിപ്പെടുത്താനാണ് സംഭവ ദിവസം കാറിലെത്തിയ ഇരുവരും മറ്റൊരു കാറിൽ വരികയായിരുന്ന അൻസാരിയെ തടഞ്ഞുനിർത്തി പണം ആവശ്യപ്പെടുകയായിരുന്നു. അൻസാരിയുടെ കാറിൽ കയറിയായിരുന്നു സംഭവം. തുടർന്ന് അൻസാരിയെ വിലങ്ങിട്ടു ബന്ധിക്കുകയും ചെയ്തു.
അൻസാരി ബഹളം വെച്ചതിനെത്തുടർന്ന് വിനീതും അരുണും കാർ ലോക്ക് ചെയ്ത് സ്ഥലത്തു നിന്ന് മുങ്ങുകയായിരുന്നു. അൻസാരിയുടെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ വിവരം കാട്ടാക്കട പോലീസിനെ അറിയിച്ചിരുന്നു.
തുടർന്നാണ് അൻസാരിയെ വിലങ്ങിട്ട് ബന്ധിച്ചതായി അറിയുന്നത്. കാട്ടാക്കട പോലീസ് സ്റ്റേഷനിൽ നിന്ന് വിലങ്ങഴിക്കാൻ താക്കോലെത്തിച്ച ശേഷം അൻസാരിയെ പുറത്തിറക്കുകയായിരുന്നു.
അൻസാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസുകാരൻ വിനീതും ആംബുലൻസ് ഡ്രൈവർ അരുണുമാണ് അക്രമത്തിന് പിന്നിൽ എന്ന് വ്യക്തമായത്. ഒളിവിൽപോയ ഇരുവരേയും തിരച്ചിലിനൊടുവിൽ നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിനീതിന്റെ പോലീസ് യൂണിഫോമും പോലീസ് കണ്ടെടുത്തിട്ടുണ്ട്.