തെന്മല: വൈക്കോൽ ലോറി കടത്തിവിടാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ട എസ്‌ഐക്ക് എതിരെ നടപടി. ചെങ്കോട്ട പുളിയറ പോലീസ് ചെക്ക്‌പോസ്റ്റിൽ കൈക്കൂലിആവശ്യപ്പെട്ട സബ് ഇൻസ്‌പെക്ടർ ജെയിംസിനാണ് സസ്‌പെൻഷൻ ലഭിച്ചത്.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന രണ്ടുപോലീസുകാരെ സായുധസേനയിലേക്ക് മാറ്റുകയും ചെയ്തു. തെങ്കാശി എസ്പി സാംസൺ ആണ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രി 10-നായിരുന്നു സംഭവം.
ചെങ്കോട്ടയിൽനിന്ന് വൈക്കോലുമായി കേരളത്തിലേക്ക് വന്ന ലോറിയിൽ അമിതലോഡുണ്ടെന്നും കടത്തി വിടണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ് എസ്‌ഐ ജെയിംസ് സമീപിക്കുകയായിരുന്നു.
500 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ ഡ്രൈവർ 100 രൂപയാണ് നൽകിയത്. 500 രൂപ വേണമെന്നു പറഞ്ഞതോടെ സ്ഥിരമായി 100 രൂപയാണ് നൽകുന്നതെന്ന് ഡ്രൈവർ പറഞ്ഞതോടെ കേസെടുക്കുമെന്ന് എസ്‌ഐ ഭീഷണി മുഴക്കുകയായിരുന്നു.
ലോറി ഡ്രൈവർ ഈ സംഭവം മുഴുവൻ മൊബൈലിൽ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ എസ്പിക്ക് അയച്ചുകൊടുത്തതോടെയാണ് നടപടിയെടുത്തത്. തമിഴ്‌നാട്ടിൽനിന്ന് പുളിയറ ചെക്ക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് പ്രതിദിനം ആയിരത്തോളം വാഹനങ്ങൾ എത്തുന്നുണ്ട്. ഏറിയപങ്കും ചരക്കുവാഹനങ്ങളാണ് എത്തുന്നത്.
പുളിയറ പോലീസ് ചെക്ക്പോസ്റ്റിലോ ആര്യങ്കാവ് ആർടിഒ ചെക്ക്പോസ്റ്റിലോ പരിശോധനയുണ്ടാകാറില്ല. ആര്യങ്കാവിൽ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം പേരിനുമാത്രമാകും വിജിലൻസ് സംഘത്തിന്റെ പരിശോധന. ഇതെല്ലാം കൈക്കൂലിക്കാർക്ക് വളമാവുകയാണ്.