ആറ്റിങ്ങൽ: വർക്കല കല്ലമ്പലത്ത് വിവാഹദിവസം പുലർച്ചയോടെ വധുവിനെയും ബന്ധുക്കളെയും അടിച്ചുവീഴ്ത്തി വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവം വിവാഹം മുടങ്ങിയതിന്റെ പകയെന്ന് പോലീസ്. വധുവിന്റെ പിതാവ് രാജനെ മൺവെട്ടി കൊണ്ട് അടിച്ചതോടെ ബോധരഹിതനായി വീണിരുന്നു. ഇതോടെ ‘അയാൾ തീർന്നെടാ, ഇനി രക്ഷപ്പെടാം….’- ഇങ്ങനെ പറഞ്ഞാണ് അക്രമികൾ ഓടിപ്പോയത്.
കല്യാണത്തലേന്ന് സത്കാരം കഴിഞ്ഞ് തിരക്കുകൾ ഒതുങ്ങിയതോടെ മിക്ക ആളുകളും വീടുകളിലേക്ക് മടങ്ങിയ സമയത്താണ് അക്രമികളെത്തിയത്. സമീപവാസി തന്നെയായ ജിഷ്ണുവും കൂട്ടാളികളുമാണ് മദ്യപിച്ചെത്തി വിവാഹവീട്ടിൽ സംഘർഷമുണ്ടാക്കിയത്.
അർധരാത്രിയോടെയാണ് ജിഷ്ണുവും സുഹൃത്തുക്കളും വിവാഹവീടിന് മുന്നിലെത്തി ബഹളം തുടങ്ങിയത്. പിന്നാലെ രാജന്റെ മകളെയും വീട്ടിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളെയും പ്രതികൾ ക്രൂരമായി ആക്രമിച്ചു. ഇത് കണ്ട് ഓടിയെത്തിയ രാജനും ഭാര്യയും ചേർന്ന് അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടെ പ്രതികൾ സമീപത്തുണ്ടായിരുന്ന മൺവെട്ടി കൊണ്ട് രാജന്റെ തലയ്ക്കടിക്കുകയായിരുന്നു. ഇതാണ് രാജന്റെ മരണത്തിലേക്ക് നയിച്ചത്.
വീടിന്റെ ഭിത്തിയിൽ ചേർത്തുനിർത്തിയാണ് രാജനെ ആദ്യം മർദിച്ചത്. ഇതിനുപിന്നാലെയാണ് മൺവെട്ടിയെടുത്തും സംഘം ആക്രമണം നടത്തിയത്. മൺവെട്ടികൊണ്ടുള്ള അടിയേറ്റ് ബന്ധുക്കളിൽ പലരും നിലത്തുവീണുപോയിരുന്നു. പിന്നാലെ രാജനെയും പ്രതികൾ തലയ്ക്കടിച്ചു. അടിയേറ്റ ഉടൻ രാജൻ നിലത്തേക്ക് മറിഞ്ഞുവീണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെ ‘അയാൾ തീർന്നടാ, ഇനി രക്ഷപ്പെടാം’ എന്നുപറഞ്ഞ് പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.
ജിഷ്ണുവും സുഹൃത്തുക്കളും രാജനെയും മകളെയും ക്രൂരമായി ആക്രമിച്ചെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. യുവതിയെ മുൻസുഹൃത്ത് കൂടിയായ ജിഷ്ണു അടിച്ചുവീഴ്ത്തുകയും മുഖം നിലത്തിട്ട് വലിച്ചിഴക്കുകയും വീണ്ടും മർദിക്കുകയും ചെയ്തിരുന്നു. ഇത് തടയാനെത്തിയ ബന്ധുക്കളെ ജിഷ്ണുവിന്റെ സുഹൃത്തുക്കൾ കൈകാര്യം ചെയ്തു.
നേരത്തെ രാജന്റെ മകളുമായി അയൽവാസിയായ ജിഷ്ണു അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വിവാഹം ആലോചിച്ചെങ്കിലും ജിഷ്ണുവിന്റെ സ്വഭാവദൂഷ്യം കാരണം രാജനും കുടുംബവും പിന്മാറുകയായിരുന്നു. പിന്നീടാണ്ം മകൾക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചത്. ഇതിൽ പ്രകോപിതനായാണ് ജിഷ്ണു സുഹൃത്തുക്കളെയും കൂട്ടിയെത്തി വിവാഹവീട്ടിൽ അക്രമം നടത്തിയത്.
സംഭവത്തിൽ ജിഷ്ണു, ഇയാളുടെ സുഹൃത്തുക്കളായ ജിജിൻ, മനു, ശ്യാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട രാജൻ ഓട്ടോഡ്രൈവറാണ്.