തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥ പദവികളിലേക്ക് പുതിയ നിയമനം. പുതിയ ചീഫ് സെക്രട്ടറിയായി വി വേണുവിനെയും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹെബിനെയും നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിലവിലെ ചീഫ് സെക്രട്ടറി വിപി ജോയിയും പോലീസ് മേധാവി അനിൽകാന്തും ജൂൺ 30ന് വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം. സീനിയോറിറ്റിയുള്ള ജയിൽ മേധാവി കെ പദ്മകുമാറിനെ മറികടന്നാണ് ഷെയ്ഖ് ദർവേഷ് സാഹെബ് പോലീസ് മേധാവി സ്ഥാനത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്തതാണ് 1990 ഐഎഎസ് ബാച്ച് അംഗമായ ഡോ. വി വേണുവിനെ സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും വി വേണു പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആഭ്യന്തരം, വിജിലൻസ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. 2018ലെ പ്രളയത്തിനു ശേഷം റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവായും പ്രവർത്തിച്ചിരുന്നു.
1990 ബാച്ചിലെ ഐപിഎസ് ഓഫിസറാണ് ഡോ. ഷെയ്ഖ് ദർവേഷ് സാഹെബ്. നിലവിൽ ഫയർ ആൻറ് റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ജനറലാണ്. കേരള കേഡറിൽ എഎസ്പിയായി നെടുമങ്ങാട് സർവീസ് ആരംഭിച്ച ദർവേഷ് സാഹെബ് എസ്ബിസിഐഡി, പോലീസ് ആസ്ഥാനം, തിരുവനന്തപുരം റെയ്ഞ്ച്, തൃശൂർ റെയ്ഞ്ച്, ആംഡ് പൊലീസ് ബറ്റാലിയൻ എന്നിവിടങ്ങളിൽ ഐജി ആയിരുന്നു. അഡീഷണൽ എക്‌സൈസ് കമ്മീഷണറായും കേരള പോലീസ് അക്കാഡമി ഡയറക്ടറായും പ്രവർത്തിച്ചു.
എഡിജിപിയായിരിക്കെ പോലീസ് ആസ്ഥാനം, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഉത്തരമേഖല, ക്രമസമാധാനം എന്നീ വിഭാഗങ്ങളിലും കേരള പൊലീസ് അക്കാഡമി ഡയറക്ടർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു.
വിശിഷ്ടസേവനത്തിന് 2016 ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2007 ൽ ഇന്ത്യൻ പോലീസ് മെഡലും ലഭിച്ചു. അതി ഉത്കൃഷ്ടസേവാ പഥക്, യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിങ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹെബിന്റെ ഭാര്യ ഷെയ്ഖ് ഫരീദാ ഫാത്തിമയാണ്. ഡോ. അയിഷാ ആലിയ, ഫറാസ് മുഹമ്മദ് എന്നിവരാണ് മക്കൾ. മരുമകൻ മുഹമ്മദ് ഇഫ്‌ത്തേക്കർ.