കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് ദേഹാസ്വാസ്ഥ്യം. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. കൊച്ചിയില്‍ നിന്നും കൊല്ലം അന്‍വാര്‍ശേരിയിലേക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ലഭിച്ചതോടെയാണ് മഅദനിക്ക് കേരളത്തിലേക്ക് എത്താന്‍ സാഹചര്യമുണ്ടായത്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ പന്ത്രണ്ട് ദിവസം കേരളത്തില്‍ തുടരുന്ന മഅദനി ജൂലൈ ഏഴിന് ബംഗളൂരുവിലേക്ക് മടങ്ങും. പിഡിപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മഅദനിയെ വരവേല്‍ക്കാന്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയിരുന്നു.
രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി പ്രതികരിച്ചു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.
കേരളത്തിലെത്തിയതില്‍ സന്തോഷം എന്നാണ് വിമാനത്താവളത്തില്‍ മദനി മാധ്യമങ്ങളോട് പ്രതികരിച്ചത്. നീതി നിഷേധത്തിനെതിരായ പോരാട്ടത്തിന് എല്ലാവരുടേയും സഹായമുണ്ട്, അതാണ് കരുത്ത് നല്‍കുന്നത്. വിരോധമുള്ളവരെ കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് ചെയ്യുന്നത്. ഇനിയും വര്‍ഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കള്ളക്കേസാണെന്ന് എനിക്കും നാടിനും അറിയാം.
കര്‍ണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ല. എന്നാല്‍ ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടി കൊണ്ടു പോയാലും ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കുന്ന കേസായിരുന്നു. അതാണ് ഇപ്പോള്‍ പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്. രാജ്യത്തെ നീതി സംവിധാനത്തെ വ്യക്തമായി പുന:പരിശോധനയ്ക്ക് വിധേയമാക്കണം. പ്രതീക്ഷ മുഴുവന്‍ കേരളീയ സമൂഹത്തിന്റെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അടിയന്തരമായി നാട്ടിലേക്ക് പോകാന്‍ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് കിട്ടിയത്. 10 പോലീസുകാരെയാണ് മദനിയുടെ സുരക്ഷാ ചുമതലയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ മദനിക്കൊപ്പം വിമാനത്തിലും മറ്റുള്ളവര്‍ റോഡ് മാര്‍ഗവുമാണ് എത്തിയത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ ചൊവ്വാഴ്ച കൊല്ലത്തേക്ക് തിരിക്കും.