കുണ്ടമൺകടവ്: ഭർത്താവിന്റെ മർദനമേറ്റ് മരിച്ച കരുമം അന്തിവിളക്ക് ജംക്ഷനുസമീപം കിഴക്കതിൽ വീട്ടിൽ ജിഎവിദ്യയുടെ(30) മൃതദേഹം സംസ്‌കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ. കേസിലെ പ്രതിയും വിദ്യയുടെ ഭർത്താവുമായ എസ്പി പ്രശാന്തി(34) നെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ കോടതിയിൽ നൽകും.
വ്യാഴാഴ്ച വൈകിട്ടാണ് കുണ്ടമൺകടവിലെ വീട്ടിൽ വിദ്യയെ ബോധരഹിതയായി കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ച യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിന്നാലെയാണ് പോലീസ് സംശയത്തെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വിദ്യയെ ഭർത്താവ് പ്രശാന്ത് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. പ്രശാന്തിന്റെ മർദനവും ചവിട്ടുമേറ്റാണ് വിദ്യ മരിക്കുന്നത്. മാലിയിൽ ജോലിയിലുള്ള വിദ്യയുടെ സഹോദരൻ വിഷ്ണു എത്തിയശേഷമായിരുന്നു സംസ്‌കാരം.
ആദ്യം വിദ്യ ശുചിമുറിയിൽ വീണുവെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. സ്ഥലത്തെത്തിയ മലയിൻകീഴ് പോലീസിന് സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ നിരീക്ഷണത്തിൽ വയ്ക്കുകയായിുന്നു. പിന്നീട് പോസ്റ്റ്‌മോർട്ടത്തിന്റെയും ഇൻക്വസ്റ്റിന്റെയും അടിസ്ഥാനത്തിൽ വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർക്ക് രണ്ട് മക്കളുണ്ട്.
വിദ്യയും പ്രശാന്തും തമ്മിൽ ഒരു മോതിരം സംബന്ധിച്ചുണ്ടായ വാഗ്വാദമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. മരിച്ച വിദ്യ തന്റെ അടുത്ത സുഹൃത്തിനുമോതിരം നൽകിയിരുന്നു. ഇതേ ചൊല്ലി ഇരുവരും തർക്കം നടന്നു. ഇതിനിടെ വിദ്യ തന്റെ കയ്യിലുണ്ടായിരുന്ന മറ്റൊരു മോതിരം ഊരി പുറത്തെറിയാൻ ശ്രമിച്ചിരുന്നു. ഇതിൽ പ്രകോപിതനായ പ്രശാന്ത് വിദ്യയെ മുറിയിലെ ജനാലയ്ക്ക് വച്ച് തലയ്ക്ക് അടിച്ചു. വയറ്റിൽ ചവിട്ടി താഴെയിട്ടു.
തലയടിച്ച് വീണ വിദ്യയ്ക്ക് ബോധം നശിക്കുകയായിരുന്നു. വയറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം എന്ന് ഫൊറൻസിക് സർജൻ പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഭർത്താവ് കൊന്നതെന്ന് തെളിഞ്ഞത്.