ആര്യങ്കോട്: വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഒൻപതാം ക്ലാസുകാരി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച സംഭവത്തിൽ പ്രതിയായ സിവിൽ പോലീസ് ഓഫിസർ പിടിയിൽ. മാരായമുട്ടം കിഴങ്ങുവിളവീട്ടിൽ ദിലീപിനെ(44)യാണ് പോലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടി റിമാൻഡ് ചെയ്തു.
ഇടുക്കി മറയൂർ ജനമൈത്രി സ്റ്റേഷനിലെ പോലീസുകാരനാണ് ഇയാൾ. പ്രതിയെ അന്വേഷണ സംഘം അവിടെയെത്തിയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് 2ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
2021 ജൂണിലും 2022ലെ ഒരു അവധി ദിവസത്തിലും 2023 മേയ് 30നും ഇയാൾ പീഡിപ്പിച്ചതായാണ് പെൺകുട്ടി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. വയർ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തിയ പതിനാലുകാരിയെ പരിശോധിച്ച ഡോക്ടറാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.
പിന്നാലെ ഡോക്ടർ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. തുടർന്ന് ആര്യങ്കോട് പോലീസ് പോക്സോ വകുപ്പ് ഉൾപ്പെടുത്തി കേസെടുത്തത്. നിലവിൽ പെൺകുട്ടി ചികിത്സയിലാണ്. പ്രതിക്കെതിരെ മുൻപ് നെയ്യാറ്റിൻകര സ്റ്റേഷനിൽ കേസുണ്ടായിരുന്നുവെന്നും ആര്യങ്കോട് പോലീസ് പറഞ്ഞു.
Discussion about this post