വളാഞ്ചേരി: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നടപടിയുമായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് എറണാകുളം എടത്തലയിലെ താമസസ്ഥലത്ത് നിന്ന് വളാഞ്ചേരി പൊലീസ് തൊപ്പിയെ കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിന് പുറത്തെത്തിയ പൊലീസ് വാതില്‍ തുറക്കാന്‍ തൊപ്പിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇയാള്‍ തയ്യാറാവാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
അതേസമയം, തൊപ്പിയുടെ മുറിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഫോണുകള്‍ അടക്കമുള്ളവ പൊലീസ് വിശദമായി പരിശോധിച്ചു. മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
തൊപ്പിയെന്ന നിഹാദ് കണ്ണൂര്‍ മാങ്ങാട്ട് സ്വദേശിയാണ്. എന്നാല്‍ കുറേക്കാലമായി വീട്ടുകാരുമായി നിഹാദ് വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ കൂടുതലൊന്നും അറിയില്ലെന്നാണ് വീട്ടുകാരുടെ മറുപടി.നാട്ടുകാരില്‍ ചിലര്‍ക്ക് ഇയാളുടെ ചെയ്തികളില്‍ വിയോജിപ്പുണ്ടെന്നാണ് വിവരം.