കൊച്ചി: മിമിക്രി താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നടൻ കൊല്ലം സുധി മരിച്ച സംഭവത്തിന്റെ ഞെട്ടലിനിടെ പ്രേക്ഷകരുടെ കണ്ണനിറച്ച് അപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ വീഡിയോ. മിമിക്രി താരമായ മഹേഷ് കുഞ്ഞുമോൻ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ്,
മഹേഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയേക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നെന്ന് മഹേഷ് പ്രതികരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞു സുഖം പ്രാപിച്ചു വരുന്ന മഹേഷ് ആദ്യമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.
‘എല്ലാവർക്കും അറിയാം, മിമിക്രി ആണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങൾ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും എന്നെ ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് വിശ്രമമാണ്. നിങ്ങൾ ആരും വിഷമിക്കണ്ട, പഴയതിനേക്കാൾ അടിപൊളി ആയി ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങൾ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം, എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ ഒരിക്കൽ കൂടി നന്ദി പറയുകയാണ്’. മഹേഷ് കുഞ്ഞുമോൻ സോഷ്യൽമീഡിയയിലൂടെ പറഞ്ഞു.
വടകരയിൽ നിന്ന് പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ കൊല്ലം സുധിയും മഹേഷ് കുഞ്ഞുമോനും ബിനു അടിമാലിയുമടങ്ങുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മഹേഷിന് മുഖത്തും പല്ലുകൾക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകൾക്കായി ഒൻപതു മണിക്കൂർ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.
ദേശീയപാത 66 ൽ വെച്ച് തൃശൂർ പനമ്പിക്കുന്നിലാണ് ഇവർ സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാപിച്ചു വരികയാണ്. എറണാകുളം ജില്ലയിൽ പുത്തൻ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷിന്റെ സ്വദേശം. അച്ഛൻ കുഞ്ഞുമോൻ, അമ്മ തങ്കമ്മ, ചേട്ടൻ അജേഷ്.