വെറുപ്പും വിദ്വേഷവും വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ‘തൊപ്പി’യുടെ അറസ്റ്റിന് പിന്നാലെ മുന്നറിയിപ്പുമായി പോലീസ്

കൊച്ചി: വിവാദ യുട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നറിയിപ്പുമായി കേരള പോലീസ്. സമൂഹമാധ്യമങ്ങളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ സഹിതം കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കുന്നത് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമാണെന്നാണ് പോലീസ് പോസ്റ്റില്‍ പറയുന്നു.

‘തൊപ്പി’ അറസ്റ്റില്‍.. രാജ്യത്തിന്റെ സംസ്‌കാരം, സാന്മാര്‍ഗിക മൂല്യങ്ങള്‍ എന്നിവയ്ക്ക് നിരക്കാത്ത, ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിലൂടെ പണം സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാകും. ഇത്തരത്തില്‍ നേടുന്ന തുക നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ പണം സമ്പാദിക്കുന്നതിന് തുല്യമായ കുറ്റകൃത്യമാണ്. വളാഞ്ചേരി പോലീസ് സ്റ്റേഷന് പുറമെ കണ്ണപുരം പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.

മലപ്പുറം വളാഞ്ചേരിയില്‍ കഴിഞ്ഞ ദിവസം കട ഉദ്ഘാടനത്തിനെത്തിയപ്പോള്‍ വേദിയില്‍ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയതിനാണ് ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കും. സമാനമായ പരാതിയില്‍ കണ്ണൂര്‍ കണ്ണപുരം പൊലീസും നിഹാദിനെതിരെ കേസെടുത്തിട്ടുണ്ട്.

Exit mobile version