കൊച്ചി: അശ്ലീല പദപ്രയോഗങ്ങൾ കാരണം വിവാദത്തിലായ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാൽ പോലീസ് കസ്റ്റഡിയിൽ. വളാഞ്ചേരിയിലെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ തൊപ്പി നടത്തി പരാമർശങ്ങളും ഗതാഗത തടസമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ കേസുകൾ മുക്കാനാണെന്ന് തൊപ്പി ആരോപിച്ചു. എറണാകുളത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് മുഹമ്മദ് നിഹാലിനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടിലെ മുറിയുടെ വാതിൽ പൊളിച്ചായിരുന്നു ഇയാളെ പിടികൂടിയത്. ഇതിന്റെ വീഡിയോയടക്കം തൊപ്പി തന്റെ പേജിലിട്ടിട്ടുണ്ട്.
അതേസമയം, താൻ നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. ഇപ്പോഴുള്ള രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുക്കുന്നത്. പോലീസുകാർ ചവിട്ടിയതിനാൽ വാതിൽ തുറക്കാനാവുന്നില്ലെന്നും തൊപ്പി ലൈവിൽ പറയുന്നുണ്ട്. തുടർന്ന് താക്കോൽ പോലീസുകാർക്ക് നൽകുകയും ചെയ്തു. വാതിൽ തുറത്താനാവാത്തതിനെ തുടർന്ന് ചവിട്ടി പൊളിച്ചായിരുന്നു കസ്റ്റഡിയിൽ എടുത്തത്. വാതിലിന്റെ പൊളിഞ്ഞ ഭാഗത്തുകൂടി തൊപ്പിയെ ഇറക്കുകയായിരുന്നു.
ഇവിടെക്കുറേ രാഷ്ട്രീയക്കേസുകൾ കിടക്കുന്നുണ്ട്. അവ ഒളിപ്പിക്കാനും മുക്കാനുമാണ് എനിക്കെതിരായ കേസ് വലുതായി കാണിക്കുന്നത്. ഇത്ര വലിയ പ്രശ്‌നമൊന്നും ആക്കേണ്ട കാര്യമില്ല. പോലീസ് ഉദ്യോഗസ്ഥർ വിളിച്ചപ്പോൾ അടുത്തദിവസം സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചതാണ്. വെറുതേ വാർത്തയാക്കാൻ വേണ്ടിയാണ് ഇപ്പോൾ വന്ന് അറസ്റ്റ് ചെയ്യുന്നതെന്ന് തൊപ്പി ആരോപിച്ചു.
ഈ സംഭവത്തിൽ ഉദ്ഘാടനത്തിന് തൊപ്പിയെ ക്ഷണിച്ച വസ്ത്ര വ്യാപാരശാല ഉടമയ്ക്കെതിരേയും കേസടുത്തിട്ടുണ്ട്. ആറ് ലക്ഷത്തിൽ കൂടുതൽ സബ്സ്‌ക്രൈബേഴാണ് തൊപ്പിയ്ക്കുള്ളത്. ഗെയിമറാണ് തൊപ്പി. അതുകൊണ്ടുതന്നെ കുട്ടികളാണ് തൊപ്പിയുടെ ആരാധകരിലേറെയും.