കോട്ടയം: 12 വർഷം മുൻപ് വിറ്റ ബൈക്കിന്റെ നിയമലംഘനത്തിൽ പിഴയടക്കാൻ നോട്ടീസെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് ഒരു കുടുംബം. ഏറ്റുമാനൂരിലെ ഒരു വാഹനഷോറൂമിൽ പഴയ ബൈക്ക് എക്സ്ചേഞ്ച് ചെയ്ത് പുതിയ ബൈക്ക് സ്വന്തമാക്കിയ പ്രവാസിയായ യുവാവിനാണ് 12 വർഷത്തിനുശേഷംപിഴ അടയ്ക്കാൻ നോട്ടീസ് എത്തിയിരിക്കുന്നത്. ഉടമസ്ഥാവകാശം പുതിയ ഉടമയിലേക്ക് മാറ്റാതിരുന്നതാണ് യുവാവിന് പാരയായത്.
കാപ്പുന്തല സ്വദേശി ബൈജുവിനാണ് നോട്ടീസ് കിട്ടിയത്. ബൈജു ഇപ്പോൾ ഖത്തറിലാണ്. വാഹനത്തിന്റ ആർസി ഉടമസ്ഥാവകാശം മാറാതെ, ഷോറൂം നടത്തിപ്പുകാർ ബൈക്ക് മറിച്ചുവിറ്റതാണ് ഇവർക്ക് വിനയായത്. ബൈക്കിന്റെ ഉടമസ്ഥാവകാശം മാറ്റിയെന്ന് ഷോറൂം ഉടമസ്ഥർ യുവാവിനെ അറിയിച്ചിരുന്നു,
എന്നാൽ, അന്വേഷിച്ചപ്പോൾ, നിരവധിതവണ നിയമലംഘനത്തിന് ബൈക്കിന് പിഴ ഈടാക്കിയിട്ടുണ്ടെന്നാണ് വിവരം കിട്ടിയത്. നിലവിൽ ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലെന്നും കണ്ടെത്തി. ഈ ബൈക്ക് നിയമംലംഘിച്ചതിന് എഐ ക്യാമറയിൽ കുടുങ്ങിയതോടെയാണ് നേരിട്ട് ആർസി ഉടമയുടെ വീട്ടിലേക്ക് പിഴ അടയ്ക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് എത്തിയത്.
യുവാവിന്റെ ബന്ധുക്കൾ ഏറ്റുമാനൂരിലെ ഷോറൂമിൽ വിവരം അറിയിച്ചപ്പോൾ 2012-ൽ, ഈരാറ്റുപേട്ട സ്വദേശിക്ക് വാഹനം കൈമാറിയെന്നാണ് ഷോറൂം നടത്തിപ്പുകാർ പറഞ്ഞത്. ഈരാറ്റുപേട്ട സ്വദേശി ഈ വാഹനത്തിന്റ ഉടമസ്ഥാവകാശം മാറ്റാതെ മറ്റൊരാൾക്ക് നൽകിയിരുന്നു.
തുടർന്ന് ബന്ധുക്കൾ മോട്ടോർ വാഹനവകുപ്പിന്റെ തെള്ളകത്തെ റീജണൽ ഓഫീസിൽ പരാതിപ്പെട്ടു. അവിടെ നടന്ന പരിശോധനയിൽ, മുമ്പും നിരവധി തവണ ഈ വാഹനത്തിൽ സഞ്ചരിക്കുന്നവർ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്താണ് ഈ ബൈക്കിന്റെ സഞ്ചാരം. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ പലപ്രാവശ്യം പിഴയും ഈടാക്കിയിട്ടുണ്ട്. യുവാവിന്റെ ബന്ധുക്കൾ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി നടപടിക്കായി കാത്തിരിക്കുകയാണ്.