കൊച്ചി: പതിനൊന്നുകാരിയായ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയല്ലെന്ന സംശയവുമായി കുടുംബം. 11 കാരിയെ തൂങ്ങിമരിച്ച നിലയിൽ മെയ് 29നാണ് കണ്ടെത്തിയത്. എന്നാൽ ഈ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബം പറയുന്നത്.
ഇക്കാര്യത്തിൽ ജില്ലാ റൂറൽ പോലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. സാധാരണയായി കുട്ടി ധരിക്കാറുള്ളതിൽ നിന്നും വ്യത്യസ്തമായ വസ്ത്രങ്ങളാണ് മരണസമയത്ത് ധരിച്ചിരുന്നതെന്നും ബന്ധുക്കൾ പറയുന്നു.
മേയ് 29ന് ഉച്ചയ്ക്കാണ് കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. കുട്ടിക്ക് ഭക്ഷണം നൽകുവാൻ ഉച്ചയ്ക്ക് അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ ദിവസം തന്നെ നിരവധി സംശയങ്ങൾ ഉയർന്നിരുന്നതായി കുടുംബം പറയുന്നു.
കുട്ടി സാധാരണ വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങളുണ്ട്. എന്നാൽ മൃതദേഹത്തിൽ അത്തരം വസ്ത്രങ്ങളല്ല കാണപ്പെട്ടത്. മാത്രമല്ല മൃതദേഹത്തിന്റെ നെഞ്ചിൽ നഖം കൊണ്ടുണ്ടായ പാടുകളും ഉണ്ടായിരുന്നതായി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കുടുംബം ചൂണ്ടിക്കാട്ടുന്നു.
കുട്ടി തൂങ്ങി നിന്നതിന്റെ സമീപത്ത് ധാരാളം സാധനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനൊന്നും ഒരു ഇളക്കവും സംഭവിച്ചിട്ടില്ല. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് വീട്ടുകാർ ഉയർത്തുന്ന സംശയം.
സംഭവദിവസം കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് അരികിൽ നിന്നും ലഭിച്ചിരുന്നു. ഈ കുറുപ്പിനെ അടിസ്ഥാനമാക്കിയാണ് കുട്ടിയുടെ മരണം ആത്മഹത്യ ആണെന്നുള്ള നിഗമനത്തിൽ പോലീസ് എത്തിയത്. എന്നാൽ കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിൽ കാണപ്പെട്ട കയ്യക്ഷരം മരണപ്പെട്ട കുട്ടിയുടേതല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഈ കുറിപ്പ് കുട്ടിയുടെ മരണത്തിനുശേഷം ഇത് മറ്റാരോ എഴുതിയതാണെന്നും മാത്രമല്ല കുട്ടി ആത്മഹത്യ ചെയ്യുവാനുള്ള യാതൊരുവിധ സാഹചര്യങ്ങളും വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു.
ഇക്കാര്യങ്ങളൊന്നും അന്വേഷണം നടത്തിയ ഞാറയ്ക്കൽ പോലീസ് കൃത്യമായി അന്വേഷിച്ചില്ലെന്നും മാതാവ് നൽകിയ പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല കുട്ടിയുടെ ആത്മഹത്യയിൽ അടുത്ത ബന്ധുവായ ഒരു വ്യക്തിയെ സംശയമുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നുണ്ട്. കുട്ടിയുടെ മരണത്തിനുശേഷം ഈ വ്യക്തിയുടെ പെരുമാറ്റം സംശയാസ്പദമാണെന്നും ഇയാൾ പല രീതിയിൽ കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും മാതാവ് പരാതിയിൽ പറയുന്നുണ്ട്.