കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിന് അനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
നടിയും അവതാരകയുമായ പേളി മാണി, അണ്‍ ബോക്‌സിങ് ഡ്യൂഡ്, ഫിഷിംഗ് ഫ്രീക്ക്, എം ഫോര്‍ ടെക്, അഖില്‍ എന്‍ആര്‍ ബി, അര്‍ജു, ജയരാജ് ജി നാഥ്, കാസ്‌ട്രോ, റെയിസ്റ്റര്‍ അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്.
കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരില്‍ പലര്‍ക്കും ഒരുകോടി രൂപ മുതല്‍ രണ്ടുകോടി രൂപ വരെ വാര്‍ഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ വരുമാനത്തിനനുസരിച്ച് നികുതി നല്‍കുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിശോധനയില്‍ യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
Discussion about this post