കല്‍പ്പറ്റ: മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെഎസ്ഇബിയുടെ ജീപ്പിന് പിഴയിട്ട്
എഐ ക്യാമറ. വയനാട് അമ്പലവയല്‍ സെക്ഷന്‍ ഓഫിസിലെ ജീപ്പിനാണ് പിഴ. 20,500 രൂപയാണ് പിഴയിട്ടത്.
ചില്ല വെട്ടാന്‍ സാധാരണ ചെയ്യുന്നത് പോലെ തോട്ടി ജീപ്പിന് മുകളില്‍ കെട്ടിവെച്ച് കൊണ്ടുപോയിരുന്നു. ഇത് എഐ ക്യാമറയില്‍ പതിഞ്ഞെന്ന് കാട്ടിയാണ് നോട്ടീസ് കിട്ടിയത്. ജീപ്പിന് പുറത്തേക്ക് തള്ളി നില്ക്കുന്ന വിധത്തില്‍ തോട്ടി കെട്ടിയതിന് 20,000 രൂപയും ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയുമാണ് പിഴ കിട്ടിയത്.
കെഎസ്ഇബിക്ക് വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുകയായിരുന്നു ജീപ്പ്. ജൂണ്‍ ആറിന് പിഴയിട്ടത് ചിത്രം സഹിതം 17നാണ് വാഹന ഉടമക്ക് ലഭിച്ചത്. പിഴ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കാനാണ് കെഎസ്ഇബി തീരുമാനം. മഴക്കാലമായതോടെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ വര്‍ധിക്കും. ഈ സാഹചര്യത്തില്‍ തോട്ടിയുമായി പോകുമ്പോള്‍ വീണ്ടും പിഴ വരുമോയെന്നാണ് വാഹന ഉടമ ചോദിക്കുന്നത്.
Discussion about this post