മലപ്പുറം: തൊഴിലുറപ്പ് പണിയ്ക്കിടെ കിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് തന്നെ കൈമാറി തൊഴിലാളികളുടെ സത്യസന്ധത. ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട ആഭരണമാണ് തൊഴിലാളികള്‍ക്ക് കിട്ടിയത്. ഒരു പവന്‍ സ്വര്‍ണാഭരണമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മണ്ണിനടിയില്‍ നിന്ന് കിട്ടിയത്.
അയിലക്കാട് കോട്ടമുക്ക് കാട്ടുപറമ്പില്‍ സിനിയുടെ വീട്ടുപറമ്പില്‍ 12 തൊഴിലുറപ്പ് തൊഴിലാളികള്‍ മണ്ണില്‍ കിളക്കുന്നതിനിടെ നാല് കഷ്ണങ്ങളായാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള സ്വര്‍ണ മാല കിട്ടിയത്.
916 മാറ്റുള്ള സ്വര്‍ണമാണെന്നുറപ്പായപ്പോള്‍ വീട്ടുടമയെ വിവരമറിച്ചെങ്കിലും അവരുടേതല്ലെന്ന് പറഞ്ഞതോടെ അയല്‍വാസികളോടും തിരക്കി. തുടര്‍ന്നാണ് ചൊവ്വാഴ്ച താഴത്തെത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഖദീജ അവരുടെ പേരക്കുട്ടിയുടെ സ്വര്‍ണമാല ഈ സ്ഥലത്ത് ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ടിരുന്നുവെന്നും അതാണോ എന്നറിയാന്‍ എത്തുകയും ചെയ്തത്.
പരിശോധനയില്‍ തെളിവ് സഹിതം മാല തിരിച്ചറിയുകയും ഉടമസ്ഥയ്ക്ക് തൊഴിലാളികള്‍ കൈ മാറുകയും ചെയ്യുകയായിരുന്നു. ഒരു പവനടുത്ത് തൂക്കം വരുന്ന മാല തിരിച്ചുകിട്ടിയതിന്റെ ആഹ്‌ളാദത്തിലാണ് ഖദീജ. തൊഴിലാളികളുടെ സത്യസന്ധതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.