മലപ്പുറം: വീണ്ടും കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് ശ്രമം. ദുബായിൽനിന്നും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പോലീസ് കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെ പിടികൂടിയത്. ഇയാളിൽനിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
ഇയാൾ ഉൾവസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ജംഷാദിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.
പ്രാഥമിക ചോദ്യംചെയ്യലിൽ സ്വർണം കൈയ്യിലില്ലെന്നാണ് പ്രതി മറുപടി നൽകിയത്. പിന്നീട് വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉൾവസ്ത്രത്തിന്റെ ഭാരക്കൂടുതൽ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉൾവസ്ത്രം തൂക്കിനോക്കിയപ്പോൾ 500 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. തുടർന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് സ്വർണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്.
സ്വർണം നേർത്ത പൊടിയാക്കിയശേഷം ലായനി രൂപത്തിലാക്കി ഉൾവസ്ത്രത്തിൽ അതിവിദഗ്ധമായി തേച്ചുപിടിപ്പിച്ചെന്നാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. കേസിൽ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോർട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.
ഈ വർഷം കരിപ്പൂർ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വർണക്കടത്ത് കേസാണ് ഇത്.