ഉൾക്കാട്ടിലാക്കിയ അരിക്കൊമ്പൻ ആരോഗ്യവാൻ; തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: കമ്പം ടൗണിൽ ഇറങ്ങി പ്രശ്‌നമുണ്ടാക്കിയതിന് പിന്നാലെ മയക്കി കളക്കാട് മുണ്ടൻ തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനംവകുപ്പ്. അരിക്കൊമ്പന്റെ ഏറ്റവും പുതിയ ചിത്രവും തമിഴ്‌നാട് വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.

നിലവിൽ കോതയാർ നദിയുടെ വൃഷ്ടി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പനിപ്പോൾ. ആന ആരോഗ്യവാനാണെന്നും തീറ്റയും വെള്ളവും എടുക്കുന്നുണ്ടെന്നും വനംവകുപ്പ് അറിയിച്ചു. 36 പേരുടെ സംഘമാണ് കാട്ടാനയെ നിരീക്ഷിക്കുന്നത്.

നേരത്തെയും അരിക്കൊമ്പൻ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ വനംവകുപ്പ് പുറത്തുവിട്ടിരുന്നു. മണിമുത്താർ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നിരിക്കുന്നത്.

തുമ്പിക്കൈയിലെ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നും വനംവകുപ്പ് അധികൃതർ നിരീക്ഷിച്ചിരുന്നു. അരിക്കൊമ്പനെ നിരീക്ഷിക്കാൻ നിയോഗിച്ച പ്രത്യേക സംഘം അരിക്കൊമ്പനുള്ള മേഖലയിൽ തുടരുകയാണ്.

ALSO READ- പോലീസ് പിടിച്ചുവലിച്ച് കൊണ്ടുപോയി വിവാഹം മുടക്കി; അതേ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി അൽഫിയയും അഖിലും

കമ്പം ടൗണിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന അപ്പർ കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്.

Exit mobile version