കോവളം: പോലീസ് ഇടപെടലിനെ തുടർന്ന് മുടങ്ങിയ വിവാഹം അതേവേദിയിൽ വെച്ച് തന്നെ നടത്തി കമിതാക്കൾ. ഏറെ വിവാദമായ കോവളം കെഎസ് റോഡിലെ അഖിലിന്റെയും കായംകുളം സ്വദേശിനി അൽഫിയയുടെയും പ്രണയമാണ് സാഫല്യമായത്. ആൽഫിയയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കായംകുളം പോലീസ് ഇടപെടലിൽ കഴിഞ്ഞദിവസം കെഎസ് റോഡിലെ ക്ഷേ്രതത്തിൽ വെച്ചുള്ള ഇവരുടെ വിവാഹം മുടങ്ങിയിരുന്നു.
ഇന്ന് ഉച്ചയോടെ വിവാഹം മുടങ്ങിയ അതേ അമ്പലത്തിൽ വച്ച് അഖിലും അൽഫിയയും വിവാഹിതരായി. കഴിഞ്ഞ ദിവസം അൽഫിയുടെയും കോവളം സ്വദേശി അഖിലിന്റെയും വിവാഹത്തിന് തൊട്ടു മുൻപായിരുന്നു കായംകുളം പോലീസെത്തി വിധുവിനെ ബലമായി പിടിച്ചുകൊണ്ടുപോയത്.
തിരുവനന്തപുരം കോവളത്ത് മാടൻതമ്പുരാൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം. പോലീസുകാർ മോശമായാണ് പെരുമാറിയതെന്ന് കായംകുളം സ്വദേശിനി അൽഫിയ പറഞ്ഞിരുന്നു. അൽഫിയയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അൽഫിയയെ കൊണ്ടുപോകുന്നതെന്നായിരുന്നു പോലീസിന്റെ മറുപടി. പിന്നീട് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ അൽഫിയെ അഖിലിനൊപ്പം പോകാൻ അനുവദിച്ചിരുന്നു.
സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു വർഷമായി ഇരുവരും പ്രണയത്തിലാണ്. വെള്ളിയാഴ്ച കോവളത്ത് എത്തിയ അൽഫിയ കോവളം പോലീസ് സ്റ്റേഷനിൽ എത്തി അഖിലിനൊപ്പം പോകുകയാണെന്ന് അറിയിച്ചിരുന്നു. ഇത് പോലീസ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കളുടെ പരാതി ചൂണ്ടിക്കാട്ടി കായംകുളം പോലീസ് എത്തി അൽഫിയയെ കോടതിയിലെത്തിച്ചത്.