മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷന്റെ പേരുമാറ്റത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നെന്ന സൂചന നൽകി ഇന്ത്യൻ റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി നേതാവുമായ പികെ കൃഷ്ണദാസ്. തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവെ സ്റ്റേഷൻ എന്നാക്കി മാറ്റണമെന്ന് റെയിൽവേ ബോർഡിനോട് ആവശ്യപ്പെടുമെന്നാണ് അദ്ദേഹം അറിയിച്ചത്.
വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം ബോർഡിന്റെ പരിഗണനയിലാണെന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.തിരൂർ റെയിൽവെ സ്റ്റേഷൻ വികസനവും നവീകരണവുമായി ബന്ധപ്പെട്ട രണ്ട് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയ തിരൂർ സ്റ്റേഷനിൽ രണ്ടു ഘട്ടമായി 32 കോടിയുടെ വികസനം നടക്കുമെന്നാണ് കൃഷ്ണദാസ് വ്യക്തമാക്കിയ്ത. കേരളത്തിലെ മറ്റു ജില്ലകൾക്ക് നൽകാത്ത പ്രത്യേക പരിഗണനയാണ് കേന്ദ്ര സർക്കാരും റെയിൽവെ മന്ത്രാലയവും മലപ്പുറം ജില്ലയ്ക്ക് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ട്രെയിൻ യാത്രക്കാർക്കുവേണ്ടി നിലവിലുള്ള വിശ്രമകേന്ദ്രങ്ങൾ നവീകരിക്കുകയും പുതിയ വിശ്രമകേന്ദ്രങ്ങൾ നിർമിക്കുകയും ചെയ്യും. ഇന്റഗ്രേറ്റഡ് പാസഞ്ചർ ഇൻഫോർമേഷൻ സിസ്റ്റം ഏർപ്പെടുത്തും, പാർക്കിങ് സൗകര്യം വിപുലപ്പെടുത്തും. തിരൂരിൽ സബ് സ്റ്റേഷൻ അനുവദിക്കും. എയർപോർട്ട് മാതൃകയിലുള്ള പ്രകാശ സംവിധാനം ഒരുക്കുമെന്നും സ്റ്റേഷൻ സന്ദർശിച്ച ശേഷം പികെ കൃഷ്ണദാസ് അറിയിച്ചു.