തൃശൂർ: കുന്നംകുളത്ത് നിയന്ത്രണം വിട്ട് ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണമരണം. അർധരാത്രിയോടെ സംഭവിച്ച അപകടം പുറംലോകമറിഞ്ഞത് പുലർച്ചെയായിരുന്നു. മരത്തംകോട് എ.കെ.ജി. നഗറിൽ താമസിക്കുന്ന കല്ലായി വീട്ടിൽ പരേതനായ ചന്ദ്രന്റെ മകൻ വിജീഷാണ് (27) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കിടന്ന വിജീഷിനെ കണ്ടെത്താൻ വൈകിയതാണ് ജീവനപഹരിച്ചത്.
കുന്നംകുളം ചൊവ്വന്നൂരിൽ കൊടുവായൂർ ക്ഷേത്രം റോഡിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വിജീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറിയ നിലയിലായിരുന്നു.
അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടക്കുന്ന വിജീഷിനെ പുലർച്ചെയാണ് കണ്ടെത്തിയത്. അർദ്ധരാത്രിയോടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മതിലിനുള്ളിലേക്ക് പരിക്കേറ്റ യുവാവ് വീണിരുന്നു. അതുകൊണ്ട് രാത്രി റോഡിലൂടെ പോയിരുന്നവർ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടിരുന്നില്ല. പിന്നീട് പുലർച്ച മതിൽ തകർന്ന ഭാഗത്തെ പരിശോധനയിലാണ് നാട്ടുകാർ ആദ്യം ബൈക്കും സമീപത്ത് യുവാവിനെ മരിച്ച നിലയിലും കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മൃതദേഹം കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് മാറ്റി. മോർച്ചറിയിൽ യുവാവിന്റെ ദേഹപരിശോധനയിൽ പോക്കറ്റിൽ നിന്ന് മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ട്. പാക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 0.3 ഗ്രാം നിരോധിത സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയാണ് കണ്ടെത്തിയത്.
ഇതുകൂടാതെ, പോക്കറ്റിൽ നിന്നും കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗിയോടൊപ്പം കൂട്ടിനിരിക്കുന്ന പാസ് ലഭിച്ചിരുന്നു. ഇതിൽ നിന്നാണ് അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞത്. യുവാവിന്റെ അമ്മ കാലിന്റെ മുറിവുണങ്ങാൻ കുന്നംകുളം താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.