പത്തനംതിട്ട: കണ്ണങ്കരിയിലെ ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ മറുനാടൻ തൊഴിലാളികൾ നടുറോഡിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഗുരുതരമായി പരിക്കേറ്റ ടിങ്കു എന്നയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പത്തനംതിട്ട കണ്ണങ്കരയിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. ഒരുമിച്ച് ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളായ പത്തുപേരാണ് നടുറോഡിൽ തമ്മിലടിച്ചത്. ഒരുമിച്ച് താമസിക്കുന്നവർ കൂടിയാണ് ഇവർ. റോഡിൽവെച്ച് ഇവരിൽ ചിലർ തമ്മിൽ തർക്കമുണ്ടാവുകയും ഇത് സംഘർഷത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയുമായിരുന്നു.
കൈയിൽകിട്ടിയ വടിയും മറ്റും ഉപയോഗിച്ചാണ് ഇവർ തമ്മിലടിച്ചത്. കൂട്ടത്തിലൊരാൾ ഊരിപ്പിടിച്ച കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെയാണ് ബംഗാൾ സ്വദേശിയായ ടിങ്കു എന്നയാൾക്ക് കുത്തേറ്റത്. സംഘർഷത്തിൽ മറ്റുമൂന്നുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
കുത്തേറ്റ ടിങ്കുവൊഴികെയുള്ള പരിക്കേറ്റ മറ്റുമൂന്നുപേരുടെ നില സാരമുള്ളതല്ല. ഇവരുടെ തർക്കത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സംഘർഷത്തിൽ ഉൾപ്പെട്ടവരെ ചോദ്യംചെയ്താൽ മാത്രമേ എന്താണ് കാരണമെന്ന് വ്യക്തമാകൂ. അതേസമയം, ഞായറാഴ്ച ദിവസങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.