മൂന്നാർ: കഴിഞ്ഞ ഒന്നര വർഷമായി ഗവൺമെന്റ് ട്രൈബൽ യുപി സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ കഠിന പരിശീലനം ഫലം കണ്ടതോടെ 7 പേർക്ക് സർക്കാർ സർവീസിലക്ക്. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി ഒരുമിച്ച് നിയമിതയായിരിക്കുകയാണ് ഏഴ് ആദിവാസി യുവാക്കൾ.
ബി ബാബു, എസ് അനീഷ്, എസ് സതീഷ്, കെഎസ് ജയകുമാർ, എസ് സുജിത, എസ് കല, എം സന്ധ്യാമോൾ എന്നിവരാണ് സർക്കാർ ജോലിക്കാരായി നിയമിതരായിരിക്കുന്നത്. മന്നാക്കുടി, പളിയക്കുടി മേഖലയിൽ നിന്നുള്ളവരാണ് ഈ ഏഴുപേരും.
ചിട്ടയായ പരീക്ഷാ പരിശീലനവും കായികക്ഷമതാ പരിശീലനവും അധ്യാപകർ ഇവർക്ക് സൗജന്യമായി നൽകിയതാണ് ഈ നേട്ടത്തിന് കാരണമായത്. ഒരു വർഷം മുൻപ് ഷാജി മോൻ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി ഇവിടെ നിന്നും ആദ്യം ജോലി നേടിയതോടെയാണ് പരിശീലകർക്കും വിദ്യാർത്ഥികൾക്കും വലിയ പ്രചോദനമായത്.
also read- നാലായിരത്തോളം നാടകങ്ങൾ; എണ്ണൂറോളം സിനിമകൾ; വിടവാങ്ങിയത് കലാരംഗത്തെ സീനിയർ താരം
തുടർന്ന് ഓരോരുത്തരും ചിട്ടയായി സിലബസ് അടിസ്ഥാനമായി പഠിച്ചതോടെ വിജയം കൈയ്യിലെത്തുകയായിരുന്നു. പഠനത്തോടൊപ്പംുള്ള കായിക പരിശീലനവും ഇവർക്ക് തുണയായി. വിവിധ പരീക്ഷകൾക്കായി 15 ഉദ്യോഗാർഥികൾ മുടങ്ങാതെ ഇപ്പോഴും സ്‌കൂളിലെ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ഊരുകളിൽ നിന്നുള്ള മികച്ച വിദ്യാർത്ഥികൾക്കായി പരിശ്രമിച്ച് സർക്കാർ ജോലിയിൽ എത്തിക്കുന്നതാണ് സ്‌കൂളിന്റെ ശ്രമമെന്ന് അധ്യാപകരും പറയുന്നു.