റമ്മി കളിച്ച് ലക്ഷങ്ങളുടെ കടക്കെണിയില്‍, ഒടുവില്‍ കടംതീര്‍ക്കാന്‍ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍, മൊഴി പുറത്ത്

തൃശൂര്‍ : റമ്മി കളിച്ച് ലക്ഷങ്ങളുടെ കടക്കെണിയിലായതിന് പിന്നാലെ പെട്രോളുമായെത്തി ബാങ്ക് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കിയ വില്ലേജ് അസിസ്റ്റന്റ് ലിജോയുടെ മൊഴി പുറത്ത്. താന്‍ കടം തീര്‍ക്കാനാണ് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചതെന്ന് ലിജോ പോലീസിനോട് പറഞ്ഞു.

ലിജോയ്ക്ക് 75 ലക്ഷം രൂപ മൊത്തം ബാധ്യതയുണ്ട്. റമ്മി കളിച്ച് അമ്പത് ലക്ഷത്തില്‍ ഭൂരിഭാഗവും നഷ്ടപ്പെടുത്തിയെന്നും കൈയിലെ പണം തീര്‍ന്നതോടെ, കൂട്ടുകാരുടെ കൈയ്യില്‍ നിന്നും വലിയ തുകകള്‍ കടം വാങ്ങി കളിച്ചുവെന്നും ആ പണവും നഷ്ടപ്പെട്ടുവെന്നും പ്രതി മൊഴി നല്‍കി.

also read: ഉള്ളില്‍ നിന്ന് കളിച്ചതാരാണ് എന്ന് എന്നെ കുത്തിക്കൊല്ലും മുന്‍പ് കണ്ടെത്തൂ: രഹസ്യമായി അയച്ച രാജിക്കത്ത് ചോര്‍ന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ നിന്ന്; രാമസിംഹന്‍

വീട് ലോണ്‍ ഇനത്തില്‍ 23 ലക്ഷം കടമുണ്ടെന്നും പ്രതി പറഞ്ഞു. അതേസമയം, മൊഴി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് അത്താണിയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ചാശ്രമം നടന്നത്. കൈയ്യിലൊരു സഞ്ചിയുമായി എത്തിയ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ കന്നാസില്‍ നിന്നും പെട്രോളെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

also read; ബൈക്കിലെത്തി മധ്യവയസ്‌കന്റെ മാല പൊട്ടിക്കാന്‍ ശ്രമം, യുവതി പിടിയില്‍, പിന്നാലെ രക്ഷപ്പട്ട ആണ്‍സുഹൃത്തും അറസ്റ്റില്‍

താന്‍ ബാങ്ക് കൊള്ളയടിക്കാനാണ് വന്നിരിക്കുന്നതെന്നും ലിജോ പറഞ്ഞു. ഭീഷണി മുഴക്കുന്നതിനിടെ ജീവനക്കാരില്‍ ചിലര്‍ ബാങ്കിന്റെ ഗ്രിച്ച് പൂട്ടി. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ലിജോയെ കീഴടക്കി. പിന്നീട് ബാങ്കിന് പുറത്തെ പോസ്റ്റില്‍ കെട്ടിയിടുകയും ചെയ്തു.

തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വധശ്രമം, കവര്‍ച്ചാശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version