കൊച്ചി: സംവിധായകന്‍ രാമസിംഹന്‍ ബിജെപിയില്‍ നിന്നും രാജി വച്ചെന്ന് കഴിഞ്ഞദിവസ അറിയിച്ചിരുന്നു. ഇമെയില്‍ മുഖാന്തിരം സമര്‍പ്പിച്ച രാജിക്കത്ത് സഹിതം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. മറ്റു പാര്‍ട്ടികളില്‍ ചേരുന്നില്ലെന്നും, സ്വതന്ത്രനായി എന്നുമാണ് രാമസിംഹന്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ താന്‍ ഔദ്യോഗികമായി അയച്ച രാജിക്കത്ത് ചോര്‍ന്നെന്നും, അത് ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നിന്നുമാണ് ഉണ്ടായതെന്നും രാമസിംഹന്‍ മറ്റൊരു ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.
”ചിലത് പറയാതെ വയ്യ, എനിക്കെതിരെ ഘോരാഘോരം ശബ്ദിക്കുന്നവര്‍ ഒന്നറിയുക, എന്റെ രാജി ഒരു കുഞ്ഞിനെപ്പോലും അറിയിക്കാതെയാണ് ഞാന്‍ ചെയ്തത്, കുറച്ചു ദിവസം മുന്‍പ്, പത്രക്കാരെ വിളിച്ച് സമ്മേളനം നടത്തിയല്ല ഞാന്‍ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ ഞാന്‍ വളരെ രഹസ്യമായി കൊടുത്ത ഇമെയില്‍ പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയത് ബിജെപിയുടെ സ്റ്റേറ്റ് ഓഫീസില്‍ നിന്നു തന്നെയാണ്.
പലരും എന്നെ വിളിച്ചു. പതിയെ ഞാന്‍ സിപിഎമ്മിലേക്ക് പോകുന്നു എന്ന കിംവദന്തി പരത്തിത്തുടങ്ങിയപ്പോള്‍ മാത്രമാണ് എനിക്ക് അത് പുറത്ത് പറയേണ്ടി വന്നത്, എന്തെങ്കിലും നേടാനോ പാര്‍ട്ടിക്കെതിരെ വാര്‍ത്ത സൃഷ്ടിക്കാനോ ആയിരുന്നുവെങ്കില്‍ എനിക്ക് പത്രക്കാരെ വിളിച്ച് അതാവാമായിരുന്നു, മെയില്‍ ചെയ്ത രാജി വിവരം പത്രക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയവരെക്കുറിച്ഛന്വേഷിച്ചിട്ട് മതി എന്നെ ക്രൂശിക്കാന്‍.
ഗത്യന്തരമില്ലാതെയാണ് എനിക്ക് പുറത്ത് പറയേണ്ടി വന്നത്, അതോര്‍ക്കണം. ഒരു കുറ്റപ്പെടുത്തലുമില്ലാതെ ഒറ്റവരിയില്‍ കൊടുത്ത രാജിക്കത്തിലൂടെ തന്നെ ഒരു പ്രശ്‌നത്തിന് ഞാന്‍ കാരണക്കാരനാവരുത് എന്ന ഉദ്ദേശമുണ്ടായിരുന്നു. കേട്ടത് സത്യമാണോ എന്ന ചോദ്യത്തിന് അതേ എന്ന് മാത്രം ഉത്തരം പറഞ്ഞിരുന്നുള്ളു. എന്നെ ഇടതു പക്ഷത്തേക്ക് ചാഞ്ഞ മരമായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്.
ആദ്യം എന്നെ സ്ഥാനമോഹിയാക്കി ചിത്രീകരിക്കുന്നതിന് പകരം ഉള്ളില്‍ നിന്ന് കളിച്ചതാരാണ് എന്ന് അന്വേഷിക്കൂ. ഏത് ഗ്രൂപ്പ് ആര്‍ക്ക് വേണ്ടി എന്നൊക്ക എന്നെ കുത്തിക്കൊല്ലും മുന്‍പ് കണ്ടെത്തൂ.. പിന്നെ എന്റെ അണ്ണാക്കില്‍ വിരലിട്ട് ശര്‍ദ്ധിപ്പിക്കരുത്..
രാമസിംഹനാകും മുന്‍പ് ഒരുന്നത നേതാവെന്നോട് പറഞ്ഞത് ഒരു മുസല്‍മാനായ ഹിന്ദുവിനെയല്ല ഞങ്ങള്‍ക്ക് വേണ്ടത് മുസ്ലീങ്ങളെ പാര്‍ട്ടിയിലെക്കടുപ്പിക്കുന്ന അബ്ദുള്ളക്കുട്ടിയെപ്പോലുള്ള മുസല്‍മാനെയാണെന്നാണ്.. ആരാണെന്നു എന്റെ മര്യാദകൊണ്ട് ഞാന്‍ വെളിപ്പെടുത്തുന്നില്ല… ഇനി തുടരരുത്.. തുടര്‍ന്നാല്‍ 5 വര്‍ഷമായി ഉള്ളില്‍ കൊണ്ടു നടന്നതെല്ലാം പുറത്തേക്കിടാന്‍ അവസരം ഉണ്ടാക്കരുത്..
ഒരു ഗ്രൂപ്പിലും ഞാനില്ലായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങള്‍ക്കുറപ്പിക്കാം, ഞാന്‍ അധികാരമോ സ്ഥാനമോ ആഗ്രഹിച്ചിട്ടില്ലെന്ന്.. ഗ്രൂപ്പ് വഴക്കില്‍ എന്നെ ബലിയാടാക്കരുത്..
നന്ദി, നമസ്‌കാരം.. ഉപദ്രവിക്കരുത്… ജീവിച്ചു പൊയ്‌ക്കോട്ടേ… എന്റെ രക്തത്തിനായി ഒരുപാട് പേര്‍ ദാഹിക്കുന്നുണ്ട്.. പിന്നെ എന്റെ പ്രാദേശിക പ്രസിഡന്റ് (എലത്തൂര്‍) എന്നെ ചൊറിയുന്നുണ്ട്. തിരിച്ചു ഞാന്‍ മാന്തുമേ, പിന്നെ കരയരുത്. അഥവാ നിലവിളിക്കരുത്.’
Discussion about this post