ആലപ്പുഴ: ബൈക്കിലെത്തി മധ്യവയസ്‌കന്റെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം. അടൂര്‍ 14 ആം മൈലില്‍ കട നടത്തുന്ന 61 കാരന്‍ തങ്കപ്പന്റെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. ആലപ്പുഴ കൃഷ്ണപുരം സ്വദേശി 27കാരി സരിതയാണ് അറസ്റ്റിലായത്. പിന്നാലെ രക്ഷപ്പെട്ട കൂട്ടുപ്രതി കായംകുളം സ്വദേശി അന്‍വര്‍ ഷാ ( 27 ) യെയും പോലീസ് പിടികൂടി.
ബൈക്കിലെത്തിയ സരിതയും ആണ്‍സുഹൃത്ത് അന്‍വര്‍ ഷായും ചേര്‍ന്ന് തങ്കപ്പന്റെ അടുത്ത് എത്തുകയും മാല വലിച്ച് പൊട്ടിക്കുകയും ചെയ്തു. ഉടന്‍ തന്നെ തങ്കപ്പന്‍ ഇത് തടഞ്ഞതോടെ പ്രതികള്‍ ബൈക്കില്‍ നിന്നിറങ്ങി.
also read: മകന്‍ മരിച്ചത് അറിഞ്ഞില്ല, പ്രായമായ അമ്മ മൃതദേഹത്തിന് കൂട്ടിരുന്നത് മൂന്ന് ദിവസം
തുടര്‍ന്ന് തങ്കപ്പനെ മര്‍ദിക്കാന്‍ തുടങ്ങി. ഇത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അന്‍വര്‍ഷാ ഓടിരക്ഷപ്പെട്ടു. സരിതയെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
പിന്നീട് കൈപ്പട്ടൂരില്‍ നിന്നാണ് അന്‍വര്‍ ഷായെ പൊലീസ് പിടികൂടിയത്. പ്രതികള്‍ രണ്ടുപേരും ഏറെനാളായി ഒരുമിച്ച് താമസിക്കുന്നവരാണെന്നും നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.