കണ്ണൂര്‍: മുന്‍ എസ്എഫ്ഐ പ്രവര്‍ത്തക കെ വിദ്യയ്ക്കെതിരെ അധ്യാപക ജോലിക്കായി വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പേരില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യയ്ക്കെതിരെ ആരോപണം ഉയര്‍ന്നതുമുതല്‍ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചയാണ് നടക്കുന്നത്.
വിദ്യ മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകയായതും എസ്എഫ്ഐ നേതാക്കളുമായി ബന്ധം ഉണ്ടായിരുന്നതുമാണ് വിദ്യയ്ക്കെതിരെ വന്ന വാര്‍ത്ത ഇത്രത്തോളം ആഘോഷമാക്കാന്‍ കാരണം. അതിനിടെ വിദ്യയുടെ സുഹൃത്തുകൂടിയായ എസ്എഫ്ഐ നേതാവ് ആര്‍ഷോ എഴുതാത്ത പരീക്ഷ പാസാകാന്‍ ശ്രമിച്ചെന്നും വാര്‍ത്ത വന്നിരുന്നു.
എന്നാല്‍, ഈ വാര്‍ത്ത തള്ളിയ മാഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റില്‍ സാങ്കേതികപ്പിഴവ് ഉണ്ടാവുകയാണ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ഷോയുടെ പരാതിയില്‍ മറ്റൊരു അന്വേഷണവും നടന്നുവരികയാണ്.
നിലവില്‍ എസ്എഫ്ഐയ്ക്കെതിരെ സംഘടിതമായ ആക്രമണമാണ് നടക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ഈ സാഹചര്യത്തില്‍ ജയചന്ദ്രന്‍ നെരുവമ്ബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജയചന്ദ്രന്‍ നെരുവമ്ബ്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇത്രമേല്‍ വേട്ടയാടപ്പെടാനും മാത്രം ഭീകരമായ എന്ത് കുറ്റകൃത്യമാണ് വിദ്യ എന്ന പെണ്‍കുട്ടി ചെയ്തത്?
ചാനലുകള്‍ തുറന്നാല്‍ കെ. വിദ്യ.
പത്രങ്ങള്‍ മറിച്ചാലും കെ.വിദ്യ.
പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്ര മന്ത്രിയുടെയും പത്രസമ്മേളനങ്ങളിലും പ്രസ്താനവനകളിലും വരെ കെ.വിദ്യ..
ശരിയാണ്, ചെയ്യാന്‍ പാടില്ലാത്ത, നിയമവിരുദ്ധമായ, അധാര്‍മികമായ ഒരു പ്രവൃത്തി അവര്‍ ചെയ്തു. അതിനവര്‍ നിയമ നടപടികള്‍ നേരിടട്ടെ.
എന്നാല്‍, ഏതൊരു കുറ്റാരോപിതയ്ക്കും ലഭിക്കേണ്ട സാമാന്യ നീതി അവര്‍ക്കും ലഭിക്കേണ്ടതുണ്ട് എന്ന സാമാന്യ തത്വം പോലും മറന്നുകൊണ്ടുള്ള മാധ്യമ-പ്രതിപക്ഷ വേട്ടയാടല്‍, വിദ്യ ചെയ്ത കുറ്റകൃത്യം പോലെ തന്നെ അപലപിക്കപ്പെടേണ്ടതാണ് എന്ന് ഞാന്‍ കരുതുന്നു.
ഒരു സാദാ കൂലിപ്പണിക്കാരന്റെ മകള്‍.
പഠിക്കാന്‍ സമര്‍ത്ഥ.
ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും റാങ്കോടെ വിജയം.
കഥകളെഴുതും. മാതൃഭൂമി വിഷുപ്പതിപ്പ് കഥാ മത്സരത്തില്‍ കഥയ്ക്ക് രണ്ടാം സമ്മാനം കിട്ടിയിട്ടുണ്ട്.
ഒരു കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.
താഴെയുള്ള രണ്ടു കൂടപ്പിറപ്പുകളുടെ വിദ്യാഭാസച്ചിലവുകളടക്കം തലയിലാണ്.
ഒരു ജോലി അനിവാര്യമാണ്.
ഇന്റര്‍വ്യൂവിലെ ഒരു പ്രധാന കടമ്ബയാണ് അധ്യാപനത്തിലെ മുന്‍പരിചയം.
ഒരവിവേകം ചെയ്യാന്‍ തോന്നി. ആരെങ്കിലുമൊക്കെ പ്രേരിപ്പിച്ചുകാണണം. പാടില്ലാത്തതും നിയമവിരുദ്ധവുമായ ഒരു തെറ്റ്. അത് ചെയ്തു എന്നാണ് ഇപ്പോഴുള്ള പരാതി.
അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അവര്‍ അതിനുള്ള നിയമപരമായ നടപടികള്‍ നേരിടണം.
ഓരോ കുറ്റകൃത്യത്തിനും അതിന്റേതായ മെറിറ്റ് ഉണ്ട്.
സഹപാഠിയുടെ ഒരു പേന മോഷ്ടിക്കുന്നതും ഒരു ജ്വല്ലറി കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിക്കുന്നതും ‘മോഷണ’ മെന്ന വിശേഷണത്തില്‍ വരുമെങ്കിലും രണ്ടും രണ്ടാണെന്ന് തിരിച്ചറിവുള്ളവര്‍ക്ക് മനസിലാക്കാന്‍ പ്രയാസമില്ല.
ചെയ്ത തെറ്റിന് ആനുപാതികമായ വേട്ടയാടലല്ല വിദ്യ എന്ന പെണ്‍കുട്ടി ഇപ്പോള്‍ നേരിടുന്നത്.
അതിന്റെ പ്രധാന കാരണം പഠിക്കുന്ന കാലത്ത് അവര്‍ എസ് എഫ് ഐ യില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതാണ്.
ഇവിടെയിത്തരം കുറ്റകൃത്യങ്ങള്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടില്ലേ?
പരീക്ഷയില്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചതിന് പിടികൂടപ്പെട്ട് യുണിവേഴ്സിറ്റിയാല്‍ ഡീ ബാര്‍ ചെയ്യപ്പെട്ടൊരാള്‍ ഇന്ന് കേരളത്തിലെ ഒരു കോണ്‍ഗ്രസ്സ് എം എല്‍ ഏ യാണ്.
യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സനും പഠനകാലത്ത് ഇതുപോലൊരു തിരിമറിയില്‍ പിടിക്കപ്പെട്ട് പ്രതിയായ ആളാണ്.
ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി, അദ്ദേഹത്തിനുണ്ടെന്നു സ്വയം അവകാശപ്പെടുന്ന വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാന്‍ നിയമപരമായി ആവശ്യപ്പെട്ടിട്ടുപോലും അതിന് തയ്യാറാകുന്നില്ല.
ഇനി നമ്മുടെ യൂണിവേഴ്സിറ്റികള്‍ക്കകത്ത് തന്നെ കാലാകാലങ്ങളായി നടക്കുന്നതെന്താണ് ?
അധ്യാപകര്‍ അവരുടെ പ്രമോഷന്‍ തരപ്പെടുത്തുന്നതിനു വേണ്ടി ചെയ്യുന്ന വേല എന്നോട് വെളിപ്പെടുത്തിയത് ഒരു കോളേജ് അധ്യാപകന്‍ തന്നെയാണ്.
തങ്ങളുടെ അധ്യാപന ജീവിതത്തില്‍ ഒരിക്കല്‍ പോലും നടത്തിയിട്ടില്ലാത്ത പ്രബന്ധാവതരണങ്ങളുടെ ‘തെളിവുകള്‍’ വ്യാജമായുണ്ടാക്കി പ്രമോഷന്‍ നേടി ഖജനാവില്‍ നിന്ന് ഇക്കൂട്ടര്‍ അടിച്ചു മാറ്റുന്നത് കുറഞ്ഞ തുക വല്ലതുമാണോ?
നാല്പതിനായിരവും അമ്ബതിനായിരവുമൊക്കെയാണ് ഇത്തരം വ്യാജ തെളിവുകള്‍ സമര്‍പ്പിച്ച് പ്രമോഷന്‍ നേടി അതുവഴിയുള്ള ശമ്ബള വര്‍ധനവിലൂടെ ഇക്കൂട്ടര്‍ അനധികൃതമായി പോക്കറ്റിലാക്കുന്നത്..
ഇത്തരക്കാര്‍ അടക്കമുള്ള ‘നീതി’മാന്മാരാണ് വിദ്യയുടെയും അതുവഴി എസ് എഫ് ഐ യുടെയും രക്തത്തിനുവേണ്ടി മുറവിളി കൂട്ടുന്നവരില്‍ ചിലര്‍.
വിദ്യയെ മുന്‍ നിര്‍ത്തി എസ് എഫ് ഐ യെ ആക്രമിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. അതിനുള്ള കുറുക്കു വഴിയാണിവര്‍ തേടുന്നത്. അല്ലാതെ വിദ്യ ചെയ്ത തെറ്റിനോട് ഏതെങ്കിലും തരത്തില്‍ അവര്‍ക്കുള്ള ജെനുവിനായ പ്രതിഷേധമല്ല.
എല്ലാ നിലയിലും ജീവിതത്തോട് പൊരുതി ജയിച്ചു വന്ന ഒരു പെണ്‍കുട്ടിയെ അവള്‍ക്കുണ്ടായ ഒരു വീഴ്ചയുടെ പേരില്‍ ഈ വിധം വേട്ടയാടുന്നവരോട് ഒന്നേ പറയാനുള്ളൂ.
‘നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ.’
Discussion about this post