കൊല്ലം: സുപ്രീംകോടതി കേരളത്തിലെത്താൻ അനുമതി നൽകിയ ജാമ്യവ്യവസ്ഥയിലെ ഇളവുതീരാൻ മൂന്നാഴ്ചമാത്രം ശേഷിക്കെ അബ്ദുൾ നാസർ മദനിക്ക് നാട്ടിലെത്താൻ വഴിതെളിയുന്നു. കർണാടക സർക്കാർ മദനിക്ക് അനുകൂലമായ നിലപാടെടുക്കുമെന്നാണ് പ്രതീക്ഷ
പുതിയ കോൺഗ്രസ് സർക്കാർ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുമെന്നാണ് കഴിഞ്ഞദിവസം കരുനാഗപ്പള്ളിയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ മദനിയുടെ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
രോഗബാധിതനായി കഴിയുന്ന പിതാവിനെ കാണാനും ചികിത്സയ്ക്കുമായി ഏപ്രിൽ 17-നാണ് മഅദനിക്ക് നാട്ടിലെത്താൻ സുപ്രീംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയത്. ജൂലായ് എട്ടുവരെ കേരളത്തിൽ തങ്ങാനാണ് അനുമതി.
എന്നാൽ, കർണാടക പോലീസിന്റെ സുരക്ഷയിൽ പോയിവരണമെന്നും ചെലവ് മദനി വഹിക്കണമെന്നുമായിരുന്നു കോടതിനിർദേശം. സുരക്ഷയൊരുക്കാൻ പ്രതിമാസം 20 ലക്ഷം രൂപവീതം 82 ദിവസത്തേക്ക് 52 ലക്ഷം രൂപയിലധികം കെട്ടിവെക്കണമെന്ന് കർണാടക സർക്കാർ നിബന്ധന വെച്ചിരുന്നു. ഇതോടെ യാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു.
മദനിയുടെ യാത്രച്ചെലവിന്റെ കാര്യത്തിൽ ഇളവു ലഭ്യമാക്കാൻ ഇടപെടണമെന്ന ആവശ്യമുന്നയിച്ചാണ് മഅദനിയുടെ ബന്ധുവും പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, മഅദനിയുടെ സഹോദരങ്ങളായ ജമാൽ മുഹമ്മദ്, സിദ്ദിഖ് എന്നിവർ കെസി വേണുഗോപാലിനെ കണ്ടത്.