പാലക്കാട്: കാട്ടിൽ നിന്നും ഇറങ്ങി വന്ന ആനക്കുട്ടിയെ സംരക്ഷിക്കാൻ ഒരുങ്ങി വനംവകുപ്പ്. അട്ടപ്പാടിയിലാണ് കുട്ടിയാന കാടിറങ്ങി എത്തിയത്. അട്ടപ്പാടി പാലൂരിലാണ് കൂട്ടം തെറ്റിയ കുട്ടിയാനയെ വനം വകുപ്പ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കാടിറങ്ങിയെത്തിയ കുട്ടിയാനയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. വനം വകുപ്പ് ജീവനക്കാർ ആനക്കുട്ടിക്ക് പഴവും വെള്ളവും നൽകുന്നുണ്ട്.
കൃഷ്ണ വനത്തിൽ നിന്ന് കിട്ടിയതു കൃഷ്ണ എന്നാണ് ആനക്കുട്ടിക്ക് വനം വകുപ്പ് പേര് നൽകിയിരിക്കുന്നത്. രാത്രി വരെ കൃഷ്ണയെ കാട്ടിൽ പ്രത്യേക ഷെൽട്ടറിൽ നിർത്താനാണ് തീരുമാനം. അതിനു ശേഷവും അമ്മയാന തേടി വന്നില്ലെങ്കിൽ വനംവകുപ്പ് സംരക്ഷണം ഏറ്റെടുക്കുമെന്നാണ് തീരുമാനം.
ആനക്കുട്ടിയെ കാടു കയറ്റാൻ വനംവകുപ്പിന്റെ ജീപ്പിലാണ് കൊണ്ടുപോയത്. ഒരു വയസ് പ്രായമാണ് കുട്ടിയാനയ്ക്കുള്ളത്. ആരോഗ്യസ്ഥിതി മോശമായതിനാൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ചതാകാമെന്നാണ് വനംവകുപ്പ് നിഗമനം.
Discussion about this post