കൊച്ചി: ലേക് ഷോർ ആശുപത്രിയിലെ അവയവ ദാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഐഎംഎക്കെതിരെ രൂക്ഷ വിമർശനവുമായി ബെന്യാമിൻ. ഡോക്ടർമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതിൽ ഐഎംഎ വഹിക്കുന്ന പങ്ക് വളരെയധികമാണെന്ന് ബെന്യാമിൻ കുറ്റപ്പെടുത്തി.
കൊച്ചി ലേക് ഷോർ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസുമായി ബന്ധപ്പെട്ടാണ് ബെന്യാമിന്റെ പരാമർശം. 2018ൽ ശരീര ശാസ്ത്രം നോവലിനെതിരെ രംഗത്ത് വന്ന ഐഎംഎ സെക്രട്ടറിയായിരുന്ന സുൽഫി നൂഹുവിനെതിരെയും ബെന്യാമിൻ വിമർശനം ഉന്നയിക്കുന്നുണ്ട്.
ബെന്യാമിന്റെ വാക്കുകൾ: ”സുൽഫി നൂഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ പുതിയ ഉഡായിപ്പ് ന്യായീകരണവും കൊണ്ട് ഇറങ്ങുമോ? ഡോക്ടറുമാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതിൽ ഈ സംഘടന വഹിക്കുന്ന പങ്ക് വളരെയധികമാണ്. ചികിത്സ പിഴവ് കാരണം ഞാൻ ദുരിതം അനുഭവിച്ച ഒരു കാലത്ത് ആ ഡോക്ടർ പറഞ്ഞത്, നീ ഏത് കോടതിയിൽ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും എന്നായിരുന്നു. ഇതാണ് ഇവരുടെ കരുത്ത്.”
അതേസമയം, അവയവദാന കേസിൽ വിശദീകരണവുമായി കൊച്ചി ലേക് ഷോർ ആശുപത്രി. യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തതു സംബന്ധിച്ച് കോടതി കേസെടുത്ത പശ്ചാത്തലത്തിലാണ് ആശുപത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
അപകടത്തിൽ പരിക്കേറ്റ് എത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും ചട്ടങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ.എച്ച് രമേഷ് പറഞ്ഞു. വ്യക്തമാക്കി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും ലേക്‌ഷോർ ആശുപത്രി അധികൃതർ അറിയിച്ചു.
നേരത്തെ, വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഉടുമ്പൻചോല സ്വദേശി എബിന് ചികിത്സ നൽകിയതിലും എബിന്റെ അവയവദാനം നടത്തിയതിലും വീഴ്ചയുണ്ടായെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയാണ് കൊച്ചി ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെ കേസെടുത്തത്. എബിന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.