ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

ഗുരുവായൂര്‍: സ്വകാര്യ ലോഡ്ജില്‍ പെണ്‍കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മക്കളായ ദേവനന്ദന (എട്ട്), ശിവനന്ദന (12) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ പിതാവ് വയനാട് സ്വദേശി ഗുരുവായൂര്‍ ചൂല്‍പ്പുറത്ത് വാടകക്ക് താമസിക്കുന്ന മുഴങ്ങില്‍ ചന്ദ്രശേഖരനെതിരെ (58) പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. പ്രതിയുടെ ഡയറിയില്‍ എഴുതിയതിന്റെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ടെമ്പിള്‍ എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്‍ പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തിയ രീതി ചന്ദ്രശേഖരന്‍ ഡയറിയില്‍ എഴുതിയിരുന്നു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ചന്ദ്രശേഖരനും മക്കളും ലോഡ്ജില്‍ മുറിയെടുത്തത്. ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കിയത് ഇളയ മകള്‍ ദേവനന്ദന കഴിച്ചില്ല. ഐസ്‌ക്രീം കഴിച്ച ശിവനന്ദന മരണ വെപ്രാളം കാണിച്ചപ്പോള്‍ തലയണ മുഖത്തമര്‍ത്തി മരണം വേഗത്തിലാക്കിയെന്ന് ഡയറിയിലുണ്ട്. രാത്രി ഒന്നരയോടെ ശിവനന്ദന മരിച്ചു. ഈ സമയം ഉറങ്ങുകയായിരുന്ന ദേവനന്ദനയെ ഉണര്‍ത്തിയാണ് കയറില്‍ തൂക്കിയത്. മരണ ശേഷമാണ് വിശദാംശങ്ങള്‍ ഡയറിയില്‍ എഴുതിയിട്ടുള്ളത്.

രാവിലെ ഏഴരയോടെ ചന്ദ്രശേഖരന്‍ ലോഡ്ജ് റിസപ്ഷനില്‍ എത്തിയിരുന്നു. ഉച്ചക്ക് രണ്ടിന് മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും കാണാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ മരിച്ചുകിടക്കുന്നതും ചന്ദ്രശേഖരന്‍ ഞരമ്പ് മുറിച്ച് അവശനിലയില്‍ കിടക്കുന്നതും കണ്ടത്. സ്ഥല പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധന്‍ രാജേന്ദ്രപ്രസാദ് കുട്ടികളുടെ മരണം ആത്മഹത്യയല്ലെന്ന നിഗമനത്തിലെത്തിയിരുന്നു.

പോലീസ് സര്‍ജന്‍ ഡോ. ഉമേഷിന്റെ നിഗമനവും ഇതുതന്നെയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന ചന്ദ്രശേഖരനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണംചെയ്തിട്ടുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യുമെന്ന് ഇന്‍സ്‌പെക്ടര്‍ പ്രേമാനന്ദ കൃഷ്ണന്‍ പറഞ്ഞു.

മക്കളെ താന്‍ സ്വന്തം കൈകൊണ്ട് അവസാനിപ്പിച്ചുവെന്നാണ് ചന്ദ്രശേഖരന്‍ ഡയറിയില്‍ എഴുതിയിട്ടുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പ് വയനാട് വിട്ട ചന്ദ്രശേഖരന്‍ ഗുരുവായൂരും പരിസരപ്രദേശത്തും വാടകക്ക് കഴിയുകയായിരുന്നു. മേയ് 27ന് ചന്ദ്രശേഖരന്റെ ഭാര്യ അജിത മരിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് കുറിപ്പിലുള്ളത്.

ചന്ദ്രശേഖരന്റെ രണ്ടാമത്തെ വിവാഹമായിരുന്നു അജിതയുമായുള്ളത്. ആദ്യ വിവാഹത്തില്‍ മക്കളില്ല. ചരക്ക് വാഹന ഡ്രൈവറായിരുന്ന ഇയാള്‍ സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. മരിച്ച പെണ്‍കുട്ടികളുടെ സംസ്‌കാരം വ്യാഴാഴ്ച വടക്കേക്കാട് ശ്മശാനത്തില്‍ നടന്നു. കുട്ടികള്‍ പഠിക്കുന്ന എല്‍.എഫ്.സി.യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മോര്‍ച്ചറിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കുട്ടികളുടെ മാതൃസഹോദരനാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഏറ്റുവാങ്ങിയത്.

Exit mobile version