തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ കൂട്ടില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങ് താഴെയിറങ്ങാന്‍ കൂട്ടാക്കാതെ മരത്തിന് മുകളില്‍ തന്നെ തുടരുന്നു. രണ്ട് ദിവസമായി പെണ്‍കുരങ്ങ് മരത്തിന് മുകളില്‍ തന്നെയാണ് കഴിയുന്നത്.
കൂട്ടില്‍ നിന്ന് കുരങ്ങ് ചാടിപ്പോകുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു കുരങ്ങ് കൂട്ടില്‍ നിന്നും ചാടിപ്പോയത്. പരീക്ഷാണാടിസ്ഥാനത്തില്‍ തുറന്നുവിടുന്നതിനിടെ മൂന്ന് വയസുള്ള പെണ്‍കുരങ്ങ് ചാടിപ്പോകുകയായിരുന്നു.
ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ കൂട്ടില്‍ നിന്ന് ഇറങ്ങി ഓടി മരങ്ങളില്‍ കയറുന്ന കുരങ്ങിനെ കാണാന്‍ സാധിക്കുന്നുണ്ട്. നന്തന്‍കോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തുകയും കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തില്‍ നിലയുറപ്പിക്കുകയുമായിരുന്നു.
മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ കുരങ്ങിനെ താഴെ ഇറക്കാന്‍ ഇഷ്ടഭക്ഷണം കാണിച്ചെങ്കിലും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. അതേസമയം, കുരങ്ങിനെ താഴെയിറക്കാന്‍ മയക്കുവെടി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി.
ഭക്ഷണവും വെള്ളവും തേടി കുരങ്ങ് മരത്തില്‍ നിന്ന് താഴെയിറങ്ങുമെന്നും മന്ത്രി പറഞ്ഞു. മരത്തിന് ചുറ്റും സന്ദര്‍ശകര്‍ കൂടി നില്‍ക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.