ആലുവ: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെ സംബന്ധിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും കുറ്റം ചെയ്തവരിൽ നിന്നും 25,000 രൂപ വരെ പിഴയും ഈടാക്കുന്ന കേരളത്തിലെ ആദ്യ കേസ് ആലുവിൽ. കണ്ണൂരിൽ നിന്നെത്തിയ വാഹന ഡ്രൈവർ നൽകിയ വിവരം അനുസരിച്ചാണ് രണ്ടുപേരെ പിടികൂടിയതും കുറ്റം ചുമത്തിയതും.
ഈടാക്കുന്ന പിഴയുടെ നിശ്ചിത ശതമാനം തുകയാണ് പാരിതോഷികമായി വിവരം നൽകിയവർക്ക് ലഭിക്കുക. കൊച്ചിയിൽ നിന്നുള്ള ഹോട്ടൽ മാലിന്യം പുലർച്ചെ 4നാണ് പിക്കപ് വാഹനത്തിൽ കൊണ്ടുവന്ന് ആലുവ-എറണാകുളം ദേശീയപാതയിലെ മുട്ടത്ത് തള്ളിയത്. ആലുവ ഉളിയന്നൂർ കാട്ടിപ്പറമ്പ് ബികെ ബിൻഷാദ് (35), ചെങ്ങമനാട് പാലപ്രശേരി തച്ചകത്ത് ടിബി സജീർ (40) എന്നിവരാണു പിടിയിലായത്. കെഎൽ 29 ബി 7710 നമ്പർ പിക്കപ് വാഹനവും പിടിച്ചെടുത്തു.
കേരളത്തിലെ ആദ്യ കേസാണ് ആലുവ പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തത്. ചൂർണിക്കര പഞ്ചായത്ത് പരിധിയിൽ മാലിന്യം തള്ളിയ 2 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന വാഹനം പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
മാലിന്യം തള്ളുന്ന സമയത്ത് ഇതുവഴി കടന്നുപോയ മറ്റൊരു വാഹനത്തിന്റെ ഡ്രൈവർ കണ്ണൂർ സ്വദേശി ആണ് വിഡിയോ എടുത്ത് വാട്‌സാപ് ചെയ്തത്. വിവരം ലഭിച്ച ഉടൻ പോലീസ് സംഘം എത്തി പ്രതികളെ പിടികൂടി. വിവരം നൽകിയയാൾക്കു പാരിതോഷികം നൽകാൻ പോലീസ് ശുപാർശ ചെയ്തു.
അടുത്തിടെ തദ്ദേശഭരണ വകുപ്പു നടപ്പാക്കിയതാണു മാലിന്യം തള്ളുന്നവരെക്കുറിച്ചുള്ള വിവരങ്ങളും വിഡിയോയും വാട്‌സാപ് വഴി നൽകാനുള്ള സംവിധാനം. കേസിൽ പ്രതികൾക്കു ജാമ്യം ലഭിക്കുമെങ്കിലും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിൽ പിഴ അടയ്ക്കണം. വാഹനത്തിന്റെ വില കോടതിയിൽ കെട്ടിവയ്ക്കുകയും വേണം.
ഇനി ചൂർണിക്കര പഞ്ചായത്താണ് പിഴ നിശ്ചയിക്കേണ്ടതും പാരിതോഷികം നൽകേണ്ടതും. ഇതു സംബന്ധിച്ച റിപ്പോർട്ട് പോലീസ് പഞ്ചായത്ത് അധികൃതർക്കു കൈമാറി. ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്‌ഐ ജി. അനൂപ്, എഎസ്‌ഐമാരായ ഷാജി, മുഹമ്മദ് അൻസാർ, സീനിയർ സിപിഒ കെ.ബി. സജീവ് എന്നിവരാണു പ്രതികളെ പിടികൂടിയത്.
പൊതുസ്ഥലത്തു മാലിന്യംതള്ളുന്നതു ശ്രദ്ധയിൽപെട്ടാൽ കേരള എമർജൻസി റെസ്‌പോൺസ് സർപ്പോർട്ടിങ് സിസ്റ്റത്തിന്റെ 112 നമ്പറിൽ വിളിച്ച് അറിയിക്കുകയാണു ചെയ്യേണ്ടതെന്നു പോലീസ് അറിയിച്ചു.