തൃശ്ശൂര്‍: തൃശൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്താണ് അപകടമുണ്ടായത്. പുത്തന്‍പീടിക പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ഓട്ടോ ടാക്സി ഓടിച്ച ചളിങ്ങാട് സ്വദേശി ജിത്തുവാണ് മരിച്ചത്. ജിത്തുവിന്റെ ഭാര്യ നീതു, മൂന്നരവയസുള്ള കുട്ടി, നീതുവിന്റെ അച്ഛന് കണ്ണന് എന്നിവരെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. മൂന്നര വയസുകാരനുമായി ആശുപത്രിയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ ടാക്സിയാണ് അപകടത്തില്‍പ്പെട്ടത്. രോഗിയുമായി തൃശ്ശൂര്‍ ഭാഗത്തേക്കുപോയ ആംബുലന്‍സ് ഓട്ടോ ടാക്സിയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ ടാക്സി ഓടിച്ചിരുന്ന ജിത്തു അപകടസ്ഥലത്തുതന്നെ മരിച്ചു.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് കണ്ണനും നീതുവും മൂന്നര വയസുള്ള കുട്ടിയും ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ ഓട്ടോ ടാക്സി പൂര്‍ണമായും തകര്‍ന്നു. അതില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
Discussion about this post