മലപ്പുറം: മഴക്കാല മുന്നൊരുക്കത്തിനായി പരിശോധനയ്ക്കിറങ്ങിയ വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ കാറിടിച്ചു വീഴ്ത്തി. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഷിദ, അപർണ എന്നിവർക്കാണ് പരിക്കേറ്റത്.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി വാഴക്കാട് പഞ്ചായത്തിലെ സ്‌കൂളുകളിൽ പരിശോധനയ്ക്കായി ഇറങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാഴക്കാട് ഗവ. സ്‌കൂളിലെ പരിശോധന കഴിഞ്ഞ് തൊട്ടടുത്ത ഐഎച്ച്ആർഡി സ്‌കൂളിലേക്ക് കാൽനടയായി പോകുമ്പോഴാണ് എതിരെ വന്ന കാർ ഇടിച്ചുതെറിപ്പിച്ചത്.
എടവണ്ണപ്പാറ ഭാഗത്തുനിന്ന് വന്ന കാറിന്റെ ഇടിയുടെ ആഘാതത്തിൽ അഞ്ച് മീറ്റർ അകലത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഷിദയ്ക്ക് പരിക്കേറ്റത്. തലയ്‌ക്കേറ്റ ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇരുവരെയും നാട്ടുകാർ വാഴക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ അഷിദയെ ഉടൻ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അഷിദ അപകടനില തരണം ചെയ്തിട്ടില്ല.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നു കരുതുന്നു. ഇയാൾക്കെതിരേ കേസെടുത്തെന്നും വാഴക്കാട് പോലീസ് പറഞ്ഞു.