വിരമിച്ച പ്രധാനാദ്ധ്യാപികയ്ക്ക് മാനേജ്മെന്റിന്റെ ഉപഹാരം: ഒരുലക്ഷം രൂപ സ്‌കൂളിന് തന്നെ തിരിച്ചുനല്‍കി മാതൃകയായി അദ്ധ്യാപിക

കാസര്‍കോട്: ഇരുപതു വര്‍ഷത്തിലേറെ നീണ്ട സേവനത്തിനു ശേഷം വിരമിക്കുന്ന പ്രധാനാദ്ധ്യാപികയ്ക്ക് സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പാരിതോഷികമായി നല്‍കിയ ഒരുലക്ഷം രൂപ, സ്‌കൂള്‍ പ്രവര്‍ത്തനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി തിരികെ നല്‍കി മാതൃകയായി അദ്ധ്യാപിക.

തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനാദ്ധ്യാപിക മഞ്ജു കുര്യാക്കോസാണ് ഉപഹാരത്തിനോടൊപ്പം തനിക്ക് പാരിതോഷികമായി ലഭിച്ച ഒരു ലക്ഷം രൂപ അതേ വേദിയില്‍ വച്ച് തിരികെ നല്‍കി മാതൃക കാട്ടിയത്.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മഞ്ജുകുര്യാക്കോസിനുള്ള യാത്രയയപ്പും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡന്റ് യഹ്യ തളങ്കരയുടെ അദ്ധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എം.എല്‍.എ ഉപഹാരവും യഹ്യ തളങ്കര മാനേജ്മെന്റ് കമ്മിറ്റിയുടെ പണക്കിഴിയും കൈമാറി.

ഉപഹാരം സ്വീകരിച്ച മഞ്ജുകുര്യാക്കോസ്, തുക സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിനായി പ്രയോജനപ്പെടുത്തണമെന്നും അതാണ് തന്റെ സന്തോഷമെന്നും പറഞ്ഞ് തിരികെ ഏല്‍പ്പിക്കുകയായിരുന്നു.

ദഖീറത്തുല്‍ ഉഖ്‌റാ സംഘം ജനറല്‍ സെക്രട്ടറി ടി.എ ഷാഫി മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ എം.എ ലത്തീഫ്, ട്രഷറര്‍ കെ.എം ഹനീഫ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഷിബു ജോസ് സ്വാഗതവും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സവിത നന്ദിയും പറഞ്ഞു.

Exit mobile version