കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ കെ സുധാകരനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുന്നുവെന്ന് വിഡി സതീശൻ ആരോപിച്ചു
ഡോക്ടറെന്ന് തെറ്റിദ്ധരിച്ചാണ് സുധാകരൻ മോൻസന്റെ അടുത്തുപോയതെന്ന് വിഡി സതീശൻ അവകാശപ്പെട്ടു. ഇതോടെ പോലീസിന്റെ വിശ്വാസ്യത തകർന്നെന്നും കെ സുധാകരനെതിരെ മൊഴി നൽകാൻ പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും വിഡി സതീശൻ ആരോപിക്കുന്നു. ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്നത് ഇരട്ട നീതിയാണെന്നും മോൻസൺ കേസ് അന്വേഷിച്ചാൽ മുഖ്യമന്ത്രിയുടെ പി എസും അകത്ത് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മോൻസന്റെ സിംഹാസനത്തിൽ ഇരുന്നവർക്കെതിരെ കേസെടുക്കുന്നില്ല. സ്വന്തക്കാരെ സംരക്ഷിക്കാനും എതിരാളികളെ കുടുക്കാനും ശ്രമം നടക്കുന്നു. പോലീസ് ഇത്രയും അധഃപതിച്ച കാലം മുമ്പ് ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, എ ഐ ക്യാമറ വിവാദത്തിൽ കോടതിയെ അടുത്തയാഴ്ച സമീപിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
കെ സുധാകരന് പുറമെ മോൻസൺ മാവുങ്കൽ കേസിൽ ഡിഐജി സുരേന്ദ്രൻ,ഐ ജി ലക്ഷ്മണ തുടങ്ങിയവരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്. ഇവർക്കെതിരെ വഞ്ചനാ കുറ്റം ചുമത്തയിട്ടുണ്ട്. മോൻസന്റെ സാമ്പത്തിക തട്ടിപ്പിന് ഇരുവരും കൂട്ടുനിന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ വഞ്ചനാക്കേസിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. മോൻസൺ മാവുങ്കലിന്റെ പക്കൽ നിന്ന് പത്തുലക്ഷം വാങ്ങിയതിന് തെളിവുകളും സാക്ഷിമൊഴികളുമുണ്ടെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്.