ന്യൂഡല്‍ഹി: ശബരിമല സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരളത്തിലേയ്ക്കുള്ള റാലി മാറ്റിവെച്ചു. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്. ‘മറ്റ് ചില കാരണങ്ങളാല്‍ ജനുവരി 6 ന് നടത്തുമെന്നറിയിച്ച പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദര്‍ശനം മാറ്റിവെച്ചിരിക്കുകയാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും ചെയ്യാനില്ലെങ്കിലും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’- ബിജെപിയുടെ മുതിര്‍ന്ന നേതാവ് വ്യക്തമാക്കിയായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ മോഡിയുടെ ഈ വര്‍ഷത്തെ ആദ്യ റാലിയായിരുന്നു പത്തനംതിട്ടയിലേത്.
ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് വലിയ സംഘര്‍ഷമാണ് സംസ്ഥാനത്തുണ്ടായത്. ഇന്നലത്തെ ഹര്‍ത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 1718 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് വരെയുളള കണക്കനുസരിച്ച് 1108 കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.