തൃശ്ശൂർ: ഹെൽത്ത് സെന്ററിലെ ജോലിക്കിടെ ഷോക്കേറ്റ് യുവമോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റിയംഗം മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തൃശൂർ ജില്ലയിലെ മണലൂർ ഹെൽത്ത് സെന്ററിൽ ട്രസ്സ് വർക്കിനിടയിലാണ് 11 കെവി ലൈനിൽ നിന്ന് വൈദ്യുതി ആഘാതമേറ്റ് അഖിൽ(22) എന്ന യുവാവ് മരിച്ചത്.
ഈ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് സെന്റർ സൂപ്രണ്ട്, കരാറുകാരൻ എന്നിവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ്കുമാർ ആവശ്യപ്പെട്ടു.
പഞ്ചായത്തിൽ നിന്നോ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നോ യാതൊരുവിധ അനുമതിയുമില്ലാതെ 11 കെവി ലൈനിനോട് തൊട്ട് ചേർന്ന് നിർമ്മാണ പ്രവർത്തനം നടത്തിയ ഹെൽത്ത് സെന്റർ സൂപ്രണ്ടിനാണ് അഖിലിന്റെ മരണത്തിന്റെ പ്രധാന ഉത്തരവാദിത്വമെന്ന് ബിജെപി ആരോപിച്ചു.
ഇത്രയേറെ അതീവ അപകടകരമായ സാഹചര്യത്തിൽ അഖിലിനെക്കൊണ്ട് സുരക്ഷ പരിഗണിക്കാതെ ജോലിയെടുപ്പിച്ച കരാറുകാരനും അനധികൃത നിർമ്മാണം ശ്രദ്ധയിൽ പെട്ടിട്ടും തടയാതിരുന്ന പഞ്ചായത്ത് സെക്രട്ടറിയും അഖിലിന്റെ മരണത്തിന് ഉത്തരവാദിയാണെന്നും ബിജെപി ആരോപിക്കുന്നു.
അതേസമയം, കേവലം 22 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം മരണപ്പെട്ടിട്ടും കുറ്റക്കാർക്കെതിരെ കേസെടുക്കാതെ അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിട്ടുള്ളതെന്ന ആക്ഷേപവും ബിജെപി പ്രാദേശിക നേതൃത്വം ആരോപിക്കുന്നു.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പോലീസ് നിലപാട് അപലപനീയമാണ്. ഭരണകക്ഷിയുടെ പിന്തുണയും ഇതിനുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ തെറ്റ് മൂലം അഖിൽ മരണപ്പെട്ടിട്ടും മന്ത്രിമാരാരും വിഷയത്തിൽ ഇടപെടാത്തതും അഖിലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കാത്തതും പ്രതിഷേധാർഹമാണെന്ന് ബിജെപി പ്രസ്താവനയിൽ പറഞ്ഞു.
അഖിലിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കേസ് എടുക്കണമെന്നും അഖിലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കാരമുക്ക് ഹെൽത്ത് സെന്ററിലേക്ക് ബിജെപി മാർച്ച് നടത്തി.
Discussion about this post