കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 4 ഷോയിലെ മത്സരാര്‍ഥി അനിയന്‍ മിഥുന്റെ
ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള പരാമര്‍ശം പച്ചക്കള്ളമെന്നു മേജര്‍ രവി. എല്ലാവരും ഏറെ ബഹുമാനിക്കുന്ന, ഏറ്റവും അന്തസ്സുറ്റ സൈന്യമായ ഇന്ത്യന്‍ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിനു വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി പറയുന്നു.
ഇന്ത്യന്‍ പട്ടാളത്തിന്റെ ചരിത്രത്തില്‍, പാരാ കമാന്‍ഡോയില്‍ ഒരു വനിത പോലും ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായി വനിതകള്‍ പട്ടാളത്തിലേക്കു വരുന്നത് 1992-ല്‍ ആണ്. അനിയന്‍ മിഥുന്‍ എന്ന വ്യക്തിക്ക് പാരാ കമാന്‍ഡോ എന്നാല്‍ എന്തെന്നു ചെറിയ ധാരണ പോലും ഇല്ലെന്ന് മേജര്‍ രവി പറയുന്നു.
മിഥുന്‍ പറഞ്ഞതുപോലെ നെറ്റിയില്‍ വെടികൊണ്ട് ഇതുവരെ ഒരു വനിതാ ഓഫിസര്‍ ഇന്ത്യന്‍ പട്ടാളത്തില്‍ മരിച്ചിട്ടില്ലെന്നും പ്രശസ്തിക്കു വേണ്ടി പച്ച നുണ പടച്ചുവിടുന്ന ഈ മത്സരാര്‍ഥി സ്വന്തം കരിയറിനെക്കുറിച്ചു പറഞ്ഞ കഥ പോലും സംശയാസ്പദമാണെന്നും മേജര്‍ രവി പറയുന്നു.
നടപടി എടുക്കുകയാണെങ്കില്‍ ആര്‍മി ഇയാള്‍ക്ക് ആദ്യം നോട്ടീസ് അയക്കും. പിന്നീട് ആര്‍മി കേന്ദ്രത്തിന് പരാതി നല്‍കും. പിന്നെ എന്‍ഐഎ ഏറ്റെടുക്കും. എന്‍ഐഎ ഇയാളെ ചോദ്യം ചെയ്യും. താങ്ങാന്‍ പറ്റില്ല കേട്ടോ ആ പയ്യന്. ഇവിടെ നിങ്ങള്‍ കാണുന്നതല്ല ദേശീയ സുരക്ഷയുടെ കാര്യം. ചോദ്യം ചെയ്യലില്‍ മാപ്പ് പറഞ്ഞാല്‍ രക്ഷപ്പെട്ട് പോയേക്കാം. ലാലേട്ടന്‍ അതിനുള്ള ചാന്‍സ് കൊടുത്തു. പക്ഷെ അവനത് എടുത്തില്ല. അത്രയും മെന്റലി ഓഫായിരിക്കുന്നു. ബിഗ് ബോസിലും അധികനാള്‍ തുടരാനാകുമെന്ന് തോന്നുന്നില്ല. ആക്ഷന്‍ എടുത്ത് കഴിഞ്ഞാല്‍ വളരെ സീരിയസ് ആയിരിക്കും. ഞാന്‍ ഇതിനെ കാണുന്നത് മാനസിക പ്രശ്നമുള്ളൊരു വ്യക്തി ഒരു സ്വപ്ന ലോകമുണ്ടാക്കി അതിനകത്ത് ജീവിക്കുകയാണ്.
അയാള്‍ ഫേയ്ക്ക് ആണ്. വുഷു ചാമ്പ്യന്‍ഷിപ്പുമായി ബന്ധമില്ലെന്നാണ് അധികാരികള്‍ തന്നെ പറയുന്നത്. ഇത്രയും വലിയ റീച്ചുള്ള ബിഗ് ബോസ് പോലൊരു ഷോയില്‍ കയറി നിന്നു കൊണ്ട് ഇന്ത്യന്‍ ആര്‍മിയെ കുറിച്ചും അതില്‍ ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്ന് വരുത്തി തീര്‍ത്തു. ഈ വ്യക്തിയെ നമ്മള്‍ ഒഫീഷ്യല്‍ ആയിട്ട് വിളിപ്പിച്ച് കഴിഞ്ഞാല്‍ എന്താകുമെന്ന് അറിയില്ല.
ഒഫീഷ്യല്‍ ആയി ചോദ്യം ചെയ്താല്‍ അയാള്‍ ഒറ്റ ചോദ്യത്തിന് തലകറങ്ങി വീഴും. ചിലപ്പോള്‍ ഹാര്‍ട്ട് അറ്റാക്കും വരാം. അയാള്‍ സംസാരിച്ച രീതി തന്നെ തേര്‍ഡ് റേറ്റഡ് ആയിരുന്നു. സ്വന്തം സംസ്‌കാരവും വിവരമില്ലായ്മയും ആണ് ആ വ്യക്തി തുറന്നുകാട്ടുന്നത്. ഹി ഈസ് ഫേയ്ക്ക് എന്ന് അവിടെ തന്നെ മനസിലാകും. മിഥുന്‍ ഇന്ത്യന്‍ ആര്‍മിയെ അപമാനിക്കാന്‍ കണക്കിന് പറഞ്ഞ കാര്യങ്ങളല്ല. മറിച്ച് താന്‍ വലിയ സംഭവമാണെന്ന് കാണിക്കാന്‍ ചെയ്ത കാട്ടിക്കൂട്ടലുകള്‍ ആണെന്നും മേജര്‍ രവി പറയുന്നു.
ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതകള്‍ വരുന്നത് 1992-ല്‍ ആണ്. ആദ്യത്തെ പാസിങ് ഔട്ടിന് ഞങ്ങള്‍ പോയിട്ടുണ്ട്. ഏറ്റവും റിസ്‌ക്കുള്ള സെക്ഷന്‍ സ്ത്രീകള്‍ക്കു കൊടുത്തിട്ടില്ല. ഇന്റലിജന്‍സില്‍ ആണ് സ്ത്രീകള്‍ പിന്നീട് കശ്മീര്‍ സേനയില്‍ പോയത്. അതും അവര്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ആയിരിക്കും ഇരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ആയുധം ഉപയോഗിക്കുന്ന സേനയില്‍ സ്ത്രീകള്‍ക്ക് പൊസിഷന്‍ കൊടുക്കാം എന്ന തീരുമാനം വന്നതുതന്നെ.
പിന്നെ എങ്ങനെയാണ് ഈ മനുഷ്യന്‍ പാരാ കമാന്‍ഡോയില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ പാരാ കമാന്‍ഡോയില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് എന്‍എസ്ജി കമാന്‍ഡോയുടെ ഓഫര്‍ വന്ന് അങ്ങോട്ടു പോയത്. ഏറ്റവും ദുഷ്‌കരമായ ജോലിയാണ് പാരാകമാന്‍ഡോയുടേത്. അതില്‍ ഉള്ള എല്ലാവരും ഒരുപോലെ റിസ്‌ക് ഉള്ള ജോലി ആണ് ചെയ്യുന്നത്. ഈ മത്സരാര്‍ഥി പറഞ്ഞതുപോലെ ഒരു ലേഡി ഓഫിസറും ഇന്നേവരെ ഇന്ത്യന്‍ ആര്‍മിയില്‍ മരിച്ചിട്ടില്ല. ഇയാള്‍ പറഞ്ഞതുപോലെ, സന എന്നൊരു പേര് ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ പക്ഷേ യുദ്ധത്തില്‍ മരിച്ചതല്ല, എന്തോ അപകടത്തില്‍ ആണ് മരിച്ചത്.
ഞാന്‍ ഇദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ഒരെണ്ണത്തിനെങ്കിലും ശരിയായ ഉത്തരം ഇദ്ദേഹം പറയുമെന്ന് തോന്നുന്നില്ല. ആ വനിതാ ഓഫിസറെക്കുറിച്ച് വളരെ ചീപ്പ് ആയിട്ടാണ് ഇയാള്‍ സംസാരിച്ചിരിക്കുന്നത്. ”ഞാന്‍ അവിടെ ചെന്നു അപ്പോള്‍ അവള്‍ എന്നെ പ്രൊപ്പോസ് ചെയ്തു” ഇയാള്‍ അവിടെ ചെല്ലുമ്പോള്‍ തന്നെ പ്രൊപ്പോസ് ചെയ്യാന്‍ സ്ത്രീകള്‍ അവിടെ കാത്തിരിക്കുകയായിരുന്നോ? കശ്മീരില്‍ യുദ്ധത്തിന് സന്നദ്ധയായി നില്‍ക്കുന്ന ഒരു പാരാ കമാന്‍ഡോ അത്രയ്ക്ക് ചീപ്പാണോ? ഇന്ത്യന്‍ ആര്‍മിയിലെ വനിതാ ഓഫിസര്‍മാര്‍ ആരും പ്രൊപ്പോസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ചീപ്പല്ല. അവര്‍ക്ക് ഒരു അന്തസ്സുള്ള സ്ഥാനമുണ്ട്. അവള്‍, ഇവള്‍ എന്നൊക്കെയാണ് ഇയാള്‍ അവരെ സംബോധന ചെയ്യുന്നത് അവിടെത്തന്നെ ഇയാളുടെ സ്റ്റാന്‍ഡേര്‍ഡ് നമുക്ക് മനസ്സിലാക്കാം.