സംഘര്‍ഷ സാധ്യത; കണ്ണൂര്‍ മലയോരത്ത് റെയ്ഡ് ശക്തമാക്കി

സ്ഥിരമായി ആയുധങ്ങളും ബോംബും കണ്ടെത്തുന്ന തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും പരിശോധന നടത്തും.

കണ്ണൂര്‍: സംഘര്‍ഷ സാധ്യത ഉണ്ടാവുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരിട്ടി മലയോര പ്രദേശത്ത് റെയ്ഡ് ശക്തമാക്കി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായി ഇരിട്ടി പോലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

ഇരിട്ടി സിഐ രാജീവന്‍ വലിയവളപ്പില്‍, എസ്‌ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്നാണ് പെരുവംപറമ്പ്, അളപ്ര, കീഴൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയസംഘര്‍ഷം നടന്ന പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ബോംബുകളും ആയുധങ്ങളും സൂക്ഷിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വരുംദിവസങ്ങളിലും പരിശോധന നടത്തും.

കഴിഞ്ഞദിവസം പെരുവംപറമ്പ് അളപ്രയില്‍ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. സ്ഥിരമായി ആയുധങ്ങളും ബോംബും കണ്ടെത്തുന്ന തില്ലങ്കേരി, മുഴക്കുന്ന് പഞ്ചായത്തുകളിലെ ആളൊഴിഞ്ഞ പറമ്പുകളിലും മറ്റും പരിശോധന നടത്തും.

Exit mobile version