കൊല്ലം: ഏഴുകോണില്‍ മദ്യലഹരിയില്‍ റയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ യുവാവിന് രക്ഷയായി ലോക്കോ പൈലറ്റിന്റെ കരുതല്‍. മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് യുവാവിനെ വിളിച്ചുണര്‍ത്തുകയായിരുന്നു.
അച്ചന്‍കോവില്‍ സ്വദേശി റെജിയാണ് റെയില്‍വേ ട്രാക്കില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയത്. എഴുകോണ്‍ റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ആയിരുന്നു സംഭവം.
കൊല്ലത്ത് നിന്നും പുനലൂരിലേക്കുള്ള മെമു ചീരാങ്കാവ് ഇഎസ്‌ഐ ആശുപത്രിക്ക് സമീപം എത്തിയപ്പോള്‍ യുവാവ് ട്രാക്കില്‍ തലവെച്ചു കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. വേഗത കുറവായിരുന്നതിനാല്‍ ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ ട്രാക്കില്‍ നിന്നും പിടിച്ചുമാറ്റി എഴുകോണ്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ജൂണ്‍ ആദ്യവാരത്തിലും ഏഴുകോണില്‍ സമാനമായ സംഭവം നടന്നിരുന്നു. ട്രാക്കില്‍ മൃതദേഹം കിടക്കുന്നുവെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പ് അനുസരിച്ച് സ്ഥലം പരിശോധിക്കാനെത്തിയ പോലീസ് കണ്ടെത്തിയത് മദ്യപിച്ച ലക്കുകെട്ട യുവാവിനെ ആയിരുന്നു.
റെയില്‍വേ ട്രാക്കിന് അപ്പുറത്തുള്ള വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെ ഫിറ്റായി പോയ യുവാവിന്റെ മുകളിലൂടെ ട്രെയിന്‍ കടന്നുപോയിരുന്നു. മദ്യപിച്ച് ലക്കുകെട്ട് ട്രാക്കിന് നടുക്ക് തല പോലും പൊങ്ങാതെ കിടന്നതിനാലാണ് യുവാവിന് ജീവന്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരെ റെയില്‍വേ കേസെടുത്തിരുന്നു.
Discussion about this post