കണ്ണൂര്‍: കണ്ണൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസ്സുകാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് കൊല്ലപ്പെട്ടത്. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്.
കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്പില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചോര വാര്‍ന്ന അനക്കമില്ലാത്ത നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള മുറിവേറ്റ പാടുകളുണ്ട്. വീട്ടുമുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു.
Discussion about this post