ആലപ്പുഴ: ‘വിശക്കുന്നവര്‍ക്ക് ഈ വീട്ടില്‍ ആഹാരം ഉണ്ടാകും’, ഈ ഒരു പോസ്റ്റര്‍ മുന്നിലൊട്ടിച്ച വീടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കൊല്ലകടവ് വെണ്‍മണി റോഡരികില്‍ ചെറിയനാട് ചെറുവല്ലൂര്‍ മണത്തറയില്‍ പാസ്റ്റര്‍ എം.എ.ഫിലിപ്പ് (50)ന്റേതാണ് ആ വീട്.
5 മാസം മുന്‍പാണ് ഈ ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചത്. വീടിനു മുന്നിലെ ബോര്‍ഡ് കണ്ട് മണത്തറയില്‍ വീട്ടിലെത്തിയ നാല്‍പതിലേറെപ്പേര്‍ക്ക് ഇതിനകം ഭക്ഷണം നല്‍കി വയറുനിറച്ചിട്ടുണ്ട് ഈ കുടുംബം.
5 മാസം മുന്‍പൊരു ഞായറാഴ്ച കുടുംബത്തോടൊപ്പം കാര്‍ യാത്രയ്ക്കിടെയാണ് വിശന്നെത്തുന്നവര്‍ക്ക് അന്നം നല്‍കണമെന്ന തോന്നലുണ്ടായതെന്നു ഫിലിപ്പ് പറയുന്നു. ഭാര്യ സോഫിക്കും മക്കളായ ജാബേഷ് ഫിലിപ്പിനും ജോണ്‍സ് ഫിലിപ്പിനും എതിര്‍പ്പുണ്ടായില്ല.
അങ്ങനെ വീട്ടിലെ അടുക്കളയില്‍ ഒരല്‍പം കൂടുതല്‍ ആഹാരം കരുതാന്‍ തുടങ്ങി. വീടിനു മുന്നില്‍ ഇക്കാര്യം സൂചിപ്പിച്ച് ബോര്‍ഡും വച്ചു. അസമയത്താണെങ്കിലും ആരെങ്കിലും വിശന്നെത്തിയാല്‍ ആഹാരം തയാറാക്കി നല്‍കാന്‍ അല്‍പം സമയം വേണമെന്നു മാത്രം. വിശന്നെത്തുന്നവരാരും വെറും വയറോടെ മടങ്ങരുത്, ഫിലിപ്പ് പറയുന്നു.
Discussion about this post