കറുകച്ചാല്‍: കഴിഞ്ഞ ഒരാഴ്ചയായി ആര്‍ക്കും ശല്യമില്ലാതെ വീടിന്റെ നടുമുറ്റത്ത് വെയില് കായുന്ന മൂര്‍ഖന്‍ പാമ്പിനെ ഒടുവില്‍ ചാക്കിലാക്കി വാവ സുരേഷ്. നെത്തല്ലൂര്‍ കുരിശുകവല പുലരിയില്‍ റിട്ട.വില്ലേജ് ഓഫിസര്‍ നടേശന്റെ വീടിനു മുന്നിലായിരുന്നു പത്തു വയസ്സുള്ള ആണ് മൂര്‍ഖന്‍ എല്ലാ ദിവസവും രാവിലെ പത്തുമണി കഴിയുമ്പോള്‍ വെയിലുകൊള്ളാനെത്തിയിരുന്നത്.
സമീപത്തുള്ള തൊണ്ടിലെ കയ്യാലപ്പൊത്തില്നിന്ന് ഇരുപതു മീറ്ററോളം ഇഴഞ്ഞെത്തുന്ന പാമ്പ് പുല്‍ത്തകിടിയില്‍ കിടന്ന് വെയില്കാഞ്ഞശേഷം പതിനൊന്നരയോടെ മാളത്തിലേക്ക് മടങ്ങിയിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഭയപ്പാടെ കഴിയാന്‍ ആകില്ല എന്ന സാഹചര്യം എത്തിയതോടെയാണ് പാമ്പിനെ വലയിലാക്കുവാന്‍ വാവ സുരേഷിന്റെ അഭയം തേടിയത്.
വെയില് കായാല്‍ ദിനവും എത്തുന്ന അതിഥിയെ തേടി ഒടുവില്‍ വാവ സുരേഷ് എത്തി. ഇതറിഞ്ഞ് പരിസരവാസികളും തടിച്ചുകൂടി. ആളനക്കം തിരിച്ചറിഞ്ഞ മൂര്‍ഖന്‍ മാളത്തില്‍തന്നെ കഴിച്ചുകൂട്ടി. കാത്തുനില്‍പ്പ് വെറുതെയാകുമെന്ന് വ്യക്തമായതോടെ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മാളം തുരന്ന് സുരേഷ് മുര്‍ഖനെ കണ്ടെത്തുകയായിരുന്നു. മണ്ണ് മാന്തി യന്ത്രം കൊണ്ടു മുറിവേറ്റ പാമ്പിന് പ്രഥമശുശ്രൂഷ നല്കി. മുറിഞ്ഞ ഭാഗത്ത് കാപ്പിപ്പൊടി പുരട്ടി തുണി കെട്ടിയശേഷം നല്കിയ ഒരു ഗ്ലാസ് വെള്ളം അപ്പാടെ അകത്താക്കിയ മൂര്‍ഖനെ സുരേഷ് കൊണ്ടുപോയി.
Discussion about this post