കോഴിക്കോട്: മാസശമ്പളവും അലവന്‍സും ചെലവിന് തികയുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. മാസം ഒരു ലക്ഷം കടമാണെന്നും എം.പി പറഞ്ഞു. ഡീസലിനും കറന്റിനും വീട്ടുവാടകയ്ക്കും എല്ലാമായി വലിയ തുക വാടക നല്‍കാനുണ്ട്. ഇതെല്ലാം അലവന്‍സില്‍ നിന്ന് തന്നെ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണിത്താന്റെ തുറന്നുപറച്ചില്‍.
എം.പിക്ക് ഒരു മാസത്തെ ശമ്പളം ഒരു ലക്ഷം രൂപയാണ്. അലവന്‍സ് 90,000 രൂപയും. ഒരു ഡ്രൈവറെ കേരള സര്‍ക്കാര്‍ തരുന്നുണ്ട്. കേരള സര്‍ക്കാര്‍ സര്‍വീസിലുള്ള ഒരാളുടെ സേവനം പേഴ്സനല്‍ അസിസ്റ്റന്റായും ലഭിക്കും. 40,000 രൂപ ഇഷ്ടമുള്ള സ്റ്റാഫിനെ വയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തരുന്നുണ്ട്. എത്ര സ്റ്റാഫിനെ വേണമെങ്കിലും നമ്മുടെ ഇഷ്ടം പോലെ വയ്ക്കാം. അവര്‍ക്കെല്ലാം ഈ തുകയില്‍നിന്നു തന്നെ നല്‍കണം-ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
‘2019 മേയ് മാസം 23നാണ് ഞാന്‍ എം.പിയാകുന്നത്. എന്റെ ഭാര്യ സുധാ കുമാരി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്നു. എനിക്ക് പണികിട്ടിയത് മേയ് 23നാണെങ്കില്‍ 30ന് അവരുടെ പണിപോയി. ആ സമയത്ത് അവര്‍ക്ക് വലിയ തുക ലഭിച്ചിരുന്നു. ആ പണം ഏതാണ്ട് ഇപ്പോള്‍ തീര്‍ന്നിട്ടുണ്ട്. അതുകൊണ്ടു വന്നാണ് ഞാന്‍ ഒരു വര്‍ഷമായി കാസര്‍കോട്ട് എം.പിയായി പ്രവര്‍ത്തിക്കുന്നത്.’
‘കാസര്‍കോട് എം.പിയായിട്ട് നാല് വര്‍ഷമായി. ഇതുവരെ ഒരു തുള്ളി ഡീസല്‍ ഞാന്‍ കാസര്‍കോട്ടുനിന്ന് ആരുടെ കൈയില്‍ നിന്നും അടിച്ചിട്ടില്ല. ഒരു കമ്മിറ്റിയുടെ കൈയില്‍നിന്നും. ഞാന്‍ എവിടെപ്പോയിട്ടുണ്ടോ അവിടെയെല്ലാം പരിശോധിക്കാം. എന്റെ ഒരു മാസത്തെ ഡീസലിന്റെ ചെലവ് ഒന്നേക്കാല്‍ ലക്ഷം രൂപയാണ്. അതില്‍ 25,000 രൂപ കടമാണ്. 90,000 രൂപയില്‍ 20,000 വീടിനു വാടകയായി നല്‍കണം. കറന്റ് ചാര്‍ജ് എല്ലാമായി പത്തു രൂപയാകും. എം.പിയായപ്പോള്‍ ഒരു ഇന്നോവ കാറെടുത്തിരുന്നു. അതിന് 30,000 രൂപ സി.സി അടക്കണം.’
ഡല്‍ഹിയില്‍ ആദ്യം കേരള ഹൗസിലായിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞാണ് ഫ്ളാറ്റ് കിട്ടിയതെന്നും ഉണ്ണിത്താന്‍ വെളിപ്പെടുത്തി. അവിടെനിന്ന് വെസ്റ്റേണ്‍ കോര്‍ട്ടിലേക്ക് മാറി. ഗംഗ, യമുന, സരസ്വതി എന്നിങ്ങനെ എം.പിമാര്‍ക്കു വേണ്ടി പുതിയ മൂന്നു സമുച്ചയം നിര്‍മിച്ചിട്ടുണ്ട്. 13 നിലയാണ് ഒരു സമുച്ചയത്തില്‍.
യമുനയിലെ അതിമനോഹരമായ ഒരു ഫ്ളാറ്റിലാണ് ഞാന്‍ താമസിക്കുന്നത്. രണ്ട് ഡ്രോയിങ് റൂമുമുണ്ട്. എന്തൊക്കെ സാധനങ്ങള്‍ എം.പിക്ക് ആവശ്യമുണ്ടോ, അതെല്ലാം തരും. മൂന്ന് മുറിയില്‍ മൂന്ന് ടി.വി വേണമെങ്കില്‍ അത്, കംപ്യൂട്ടര്‍ വേണമെങ്കില്‍ അത്, ലാപ്ടോപ് വേണമെങ്കില്‍ അത്. പക്ഷെ, അതിനെല്ലാം വാടക കൊടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡല്‍ഹിയിലെ വീട്ടില്‍ സെന്‍ട്രലൈസ്ഡ് എ.സിയാണ്. അവിടെ കറന്റ് ചാര്‍ജ് മാത്രം 10,000-20,000 രൂപയാകും. ഇതെല്ലാം അലവന്‍സില്‍നിന്നു നല്‍കണം. ഒരു നയാപൈസ ഞാനിന്നുവരെ പിരിച്ചിട്ടില്ല. സംഭാവന മേടിച്ചിട്ടില്ല. മറ്റൊരു വരുമാനവുമില്ലാത്തയാളാണ് ഞാന്‍. ഒരു ലക്ഷം രൂപ ഓരോ മാസവും കടമാണെനിക്ക്-ഉണ്ണിത്താന്‍ വെളിപ്പെടുത്തി.
ഞങ്ങളെപ്പോലെ കുറച്ചുപേരേ എം.പിമാരില്‍ പാവപ്പെട്ടവരായുള്ളൂ. ബാക്കിയുള്ളവരെല്ലാം കോടീശ്വരന്മാരാണ്. അവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. നമ്മള്‍ ഈ ശമ്പളവും വരുമാനവും ആശ്രയിച്ചാണ് ജീവിക്കുന്നത്. ആളുകള്‍ മറിച്ചു ചിന്തിച്ചുവച്ചിരിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. ഒരു എം.പിക്ക് ഒരു വര്‍ഷം 36 പേര്‍ക്ക് ചികിത്സാ സഹായം കൊടുക്കാന്‍ പറ്റും. പി.എം.എന്‍.ആര്‍.എഫില്‍നിന്ന്. ഒരു മാസം മൂന്നുപേര്‍ക്ക്. കാന്‍സര്‍, ഹൃദ്രോഗം, കരള്‍-വൃക്ക തകരാര്‍ എന്നീ നാല് രോഗങ്ങള്‍ക്കാണ് ലഭിക്കുക. അതേസമയം, മാരകമായ വേറെയും രോഗങ്ങളുണ്ട്.