ഇടുക്കി: കട്ടപ്പനയിൽ അടുത്ത ദിനങ്ങളിലായി സുഹൃത്തുക്കളായ പ്ലസ്ടു വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഉയർന്ന ദുരൂഹത തള്ളി പോലീസ്. കുട്ടികളുടെ മരണം ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടാണ് എന്ന പ്രചരണം ഉണ്ടായിരുന്നു. ഇക്കാര്യം പോലീസ് തള്ളിക്കളയുകയാണ്.
പുളിയന്മലയിൽ സ്‌കൂൾ വിദ്യാർഥിയെ വീട്ടിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർഥിയായ 17-കാരനെയാണ് ബുധനാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഈ വിദ്യാർത്ഥി ജീവനൊടുക്കിത് പ്രണയം തകർന്നതിനെ തുടർന്നുണ്ടായ മാനസികാഘാതം മൂലമാണെന്നാണ് പോലീസ് പറയുന്നത്. ഇതേതുടർന്ന് ഏറെനാളായി സ്‌കൂളിൽ പോകാതിരുന്ന 17-കാരൻ കഴിഞ്ഞദിവസങ്ങളിൽ ബൈക്ക് വാങ്ങിനൽകാത്തതിന് വീട്ടുകാരുമായി വഴക്കിടുകയും ചെയ്തിരുന്നു. പിന്നാലെയാണ് ബുധനാഴ്ച വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കമ്‌ടെത്തിയത്.
ബൈക്ക് വാങ്ങി നൽകാത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. അതിനിടെ, ഓൺലൈൻ ഗെയിം കാരണമാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് നാട്ടിൽ പ്രചരിച്ചിരുന്നു. ഓൺലൈൻ ഗെയിമിന് അടിപ്പെട്ടാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന പ്രചരണം ശരിയല്ലെന്നും കുട്ടിയുടെ മൊബൈൽഫോണിൽനിന്ന് അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
നേരത്തെ ദിവസങ്ങൾക്ക് മുമ്പ് കമ്പംമെട്ട് പോത്തിൻകണ്ടത്ത് മറ്റൊരു പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയിരുന്നു. ബുധനാഴ്ച ജീവനൊടുക്കിയ വിദ്യാർഥിയുടെ സഹപാഠിയായിരുന്ന 17-കാരനെയാണ് കഴിഞ്ഞ വ്യാഴാഴ്ച മരിച്ചത്. ഈ വിദ്യാർഥിയുടെ മരണത്തിന് കാരണം ഓൺലൈൻ ഗെയിമുകളാണെന്നും പ്രചരിച്ചിരുന്നു.
എന്നാൽ ഇക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക പരിശോധനയിൽ ഓൺലൈൻ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വിദ്യാർഥിയുടെ മൊബൈൽഫോണും ലാപ്ടോപ്പും ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾഫ്രീ നമ്പർ: 1056, 04712552056)
Discussion about this post