തിരുവനന്തപുരം: മക്കളെ സഹോദരിയുടെ പക്കൽ ഏൽപിച്ച് 12 വർഷം മുൻപ് കാണാതായ യുവതിയെ കാണാതായ സംഭവത്തിൽ പരിശോധന നടത്തി പോലീസ്. പാങ്ങോട് പഴവിള സ്വദേശി ഷാമിലയെ (42) കാണാതായതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പരിശോധന. സമീപത്തെ സെപ്റ്റിക് ടാങ്കിൽ കാണാതായ ഷാമിലയുടെ മൃതദേഹം ഉണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ, പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു. രണ്ടു മക്കളെയും വക്കത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ കൊണ്ടുവിട്ടാണ് ഷാമില മലപ്പുറത്തേക്ക് വീട്ടുജോലിക്ക് എന്നുപറഞ്ഞ് ഇറങ്ങിയത്.
പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഒരു വർഷം മുൻപ് ഷാമിലയുടെ മകൾ പാങ്ങോട് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പാങ്ങോട് സിഐയുടെ നേതൃത്വത്തിൽ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. ഷാമിലയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. മുൻപ് ഒരു സംഘടനയുടെ ഓഫിസാണ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്.
ALSO READ- ശ്രീമഹേഷിന്റെ സ്വഭാവ വൈകൃതം കാരണം ഭാര്യ ജീവനൊടുക്കി, പോലീസുകാരിയുമായുള്ള രണ്ടാം വിവാഹവും മുടങ്ങി, ശല്യമായതോടെ കേസായി;എല്ലാ പകയും തീർത്തത് നക്ഷത്രയുടെ ജീവനെടുത്ത്
സഹോദരൻ ദേഹോപദ്രവം ഏൽപിക്കുന്നു എന്ന് ഷാമില സഹോദരിയോട് പറഞ്ഞിരുന്നു. സംഭവത്തിൽ പാങ്ങോട് പോലീസ് ചില ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൊലപാതകം ആകാനുള്ള സാധ്യതയുണ്ടെന്ന് ബന്ധുക്കൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്കിൽ പരിശോധന നടത്തിയത്.