കോട്ടയം: അമല്‍ ജ്യോതി എഞ്ചീനിയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ പ്രതികരിച്ച് കോട്ടയം എസ്പി. ശ്രദ്ധ സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പോലീസ് പറഞ്ഞു.
മുറിയുടെ മഹസര്‍ എഴുതാന്‍ എത്തിയപ്പോള്‍ ലഭിച്ച കത്താണിത്. ‘നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് ഞാന്‍ കട്ടിലില്‍ വച്ചിട്ടുണ്ട്. ഞാന്‍ പോകുന്നു’ എന്നാണ് കത്തില്‍ ഉണ്ടായിരുന്നത്. മറ്റു കാരണങ്ങളൊന്നും കുറിപ്പില്‍ എഴുതിയിട്ടില്ലെന്നും കോട്ടയം എസ്പി കെ കാര്‍ത്തിക് അറിയിച്ചു.
കോളജിലെ ഫുഡ് ടെക്‌നോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളജില്‍ കടുത്ത വിദ്യാര്‍ഥി പ്രതിഷേധം നടന്നിരുന്നു.
കോളേജില്‍ രണ്ട് ദിവസമായി നടന്നുവന്നിരുന്ന വിദ്യാര്‍ത്ഥി സമരം മന്ത്രി തല സമിതി നടത്തിയ ചര്‍ച്ചയോടെ ഇന്നലെ അവസാനിപ്പിച്ചു. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും എന്നായിരുന്നു ചര്‍ച്ചയിലെ പ്രധാന തീരുമാനം. ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും പൂര്‍ണമായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും മന്ത്രിമാര്‍ ഇടപെട്ട പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് പിന്മാറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായത്.
കേസ് കോട്ടയം എസ്പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. അന്വേഷണ ഘട്ടത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.