തൃശൂര്‍ : മൂകാംബികയിലേക്ക് പോയ സഹോദരന്റെയും സഹോദരിയുടെയും കുടുംബത്തിന്റെ തിരിച്ചുവരവ് കാത്തിരുന്ന ബവിതയെ തേടിയെത്തിയത് ഹൃദയം നുറുങ്ങുന്ന വാര്‍ത്ത. കണ്ണൂരില്‍ അപകടത്തില്‍ മരിച്ച ബിന്ദുലാലിന്റെ സഹോദരി ബവിത അപകടവിവരം അറിഞ്ഞ സംഭവം വിശദീകരിക്കുന്നതിങ്ങനെ…
‘പുലര്‍ച്ചെ 5 മണിയോടെയാണു ഫോണ്‍ വന്നത്. കണ്ണൂരില്‍നിന്നു പോലീസാണു വിളിക്കുന്നതെന്നു പറഞ്ഞു. എന്റെ ശബ്ദം കേട്ടപ്പോള്‍ വീട്ടില്‍ പുരുഷന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കാന്‍ പറഞ്ഞു.’ ‘അമ്മയുടെ ഫോണ്‍ നമ്പറില്‍നിന്നാണു പോലീസ് വിളിച്ചത്. എന്തോ അപകടം പറ്റിയെന്നു ഭയം തോന്നി. പിന്നെ ഭര്‍ത്താവ് ലാലിനെകൊണ്ടു തിരിച്ചു വിളിപ്പിച്ചു. അപ്പോഴാണു പോലീസ് വിവരങ്ങള്‍ പറയുന്നത്’- ബവിത പറയുന്നു. ലാലിനെ ആദ്യം പൊലീസ് സമാധാനിപ്പിക്കുകയാണു ചെയ്തത്. ”യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക. നിങ്ങളുടെ കുടുംബത്തില്‍പ്പെട്ട മൂന്നു പേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിട്ടുണ്ട്. എന്തായാലും സംഭവിച്ചു. സമാധാനിക്കുക. ബന്ധുക്കളാരോടെങ്കിലും എത്താന്‍ പറയുക.”
തൃശൂരില്‍നിന്നുള്ള കുടുംബമാണ് മൂകാംബികയിലേക്ക് തിരിക്കവെ കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. ചാലക്കുടിയിലെയും കൂര്‍ക്കഞ്ചേരിയിലെയും ബന്ധുക്കളെ ഞെട്ടിച്ചാണ് ആ വാര്‍ത്ത തേടിയെത്തിയത്. ബവിതയുടെ അമ്മ, സഹോദരി, സഹോദരന്‍, ഇരുവരുടെയും മക്കള്‍ എന്നിങ്ങനെ 8 പേരാണ് അപകടത്തില്‍പ്പെട്ടത്. കാറും ലോറിയും കൂട്ടിയിടിച്ചു കുട്ടികളടക്കം നാലുപേര്‍ മരിച്ചു. 4 പേര്‍ക്കു പരുക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ 4.15ന് എടാട്ട് കേന്ദ്രീയവിദ്യാലയ സ്റ്റോപ്പിലാണ് അപകടം.
കൂര്‍ക്കഞ്ചേരി സോമില്‍ റോഡ് ഐശ്വര്യ ഗാര്‍ഡന്‍സ് പുന്നവീട്ടില്‍ ബിന്ദുലാല്‍(42), മകള്‍ ദിയ(10), ബിന്ദുലാലിന്റെ സഹോദരി ബിംബിതയുടെയും ചാലക്കുടി മേലൂര്‍ പുളിയക്കാട്ടില്‍ ദിലീപിന്റെയും മക്കളായ തരുണ്‍(16), ഐശ്വര്യ(14) എന്നിവരാണു മരിച്ചത്.#
Discussion about this post